കൊല്ലം: ഇരവിപുരത്ത് വാഹനം ഓവർടേക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെയുണ്ടായ അക്രമത്തിൽ ആറ് പ്രതികൾ അറസ്റ്റിൽ. പുന്തലത്താഴം താമരക്കുളം ജോനകപ്പുറം സ്വദേശികളായ സുമീർ (28), സഞ്ജയ് സിറാജ് (30), ധനീഷ് (29), പുത്തൻവീട്ടിൽ അൻഷാദ് (30), ഇഷാഖ് (36), അനീസ് (36) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

സിറാജിന്റെ സുഹൃത്തുക്കളുടെ കാർ, ഇഷാഖും അൻഷാദും സുഹൃത്തുക്കളും സഞ്ചരിച്ച കാറിനെ ഓവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ടാണ് തർക്കമുയർന്നത്. പിന്നാലെ പ്രകോപിതരായ അൻഷാദും സംഘവും സിറാജിന്റെ സുഹൃത്തുക്കളെ ആയുധങ്ങളുമായി അക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

അക്രമത്തിൽ മാരകമായി പരുക്കേറ്റ അൻഷാദ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കേസിൽ പ്രതികളായ മറ്റുള്ളവർക്ക് വേണ്ടി അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. ഇരവിപുരം എസ്എച്ച്ഒയുടെ ചുമതല വഹിക്കുന്ന കൺട്രോൾ റൂം ഇൻസ്‌പെക്ടർ ജോസിന്റെ നേതൃത്വത്തിൽ എസ്‌ഐമാരായ സക്കീർ ഹുസൈൻ, ഉണ്ണിക്കൃഷ്ണൻ, എഎസ്ഐ നൗഷാദ്, സി.പി.ഒ വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.