- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാലാം ക്ലാസ് വിദ്യാർത്ഥിയുടെ ജീവനെടുത്തത് സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ; അപകടം ക്ഷേത്രത്തിൽ ചെണ്ട പഠിക്കുന്നതിനായി അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറിൽ പോകവെ; മറ്റൊരു ബസിനെ മറികടന്ന് അമിത വേഗത്തിലെത്തിയ ബസ് ഇരുവരേയും ഇടിച്ചിടുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ
കൊല്ലം: സ്വകാര്യ ബസിടിച്ചു തെറിപ്പിച്ച നാലാം ക്ലാസ് വിദ്യാർത്ഥി ദാരുണമായി മരിച്ചു. കോട്ടാത്തല മൂഴിക്കോട് ഗോപഭവനത്തിൽ ഗോപകുമാറിന്റെയും ഡയാനയുടെയും ഏക മകൻ മൂഴിക്കോട് ജിഎൽപിഎസ് വിദ്യാർത്ഥി ജി.സിദ്ധാർഥാണു (9)മരിച്ചത്. അമ്മ ഡയാനയോടൊപ്പം സ്‌കൂട്ടറിൽ പോകവെയാണ് അപകടം. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഡയാന തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ രാവിലെ ഏഴരയോടെയാണ് സിദ്ധാർത്ഥിന്റെ ജീവനെടുത്ത അപകടം. ഇവർ സഞ്ചരിച്ച സ്‌കൂട്ടർ കോട്ടാത്തല തണ്ണീർപ്പന്തൽ ക്ഷേത്രത്തിനു സമീപമെത്തിയപ്പോൾ അമിതവേഗത്തിൽ പിന്നാലെ എത്തിയ ബസ് ഇവരെ ഇടിച്ചു വീഴ്‌ത്തുകയായിരുന്നു. കോട്ടാത്തല ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ചെണ്ട പഠിക്കുന്നതിനായി അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറിൽ പോകുകയായിരുന്നു സിദ്ധാർഥ്. സ്‌കൂട്ടർ മെയിൻ റോഡിൽ നിന്നു തണ്ണീർ പന്തൽ ക്ഷേത്രത്തിനു പിൻഭാഗത്തുള്ള ഉപറോഡിലേക്കു കടക്കുന്നതിനായി തിരിയവേയാണ് അപകടം.
ഈ ബസ് മറ്റൊരു ബസിനെ മറികടന്ന് എത്തിയതാണെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു. ഉടൻ ഇരുവരെയും കൊട്ടാരക്കരയിലെ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ ആശുപത്രികളിലേക്കും മാറ്റുകയായിരുന്നു. എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ച സിദ്ധാർഥ് ഉച്ചയോടെ മരിച്ചു. സിദ്ധാർഥിന്റെ അച്ഛൻ ഗോപകുമാർ മസ്‌കത്തിലാണ്. അമ്മ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ്.



