അമ്പൂരി: ഭർത്താവിന്റെ മുന്നിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു. അമ്പൂരി ചന്തയ്ക്കു സമീപം മീതിയാങ്കൽ ഹൗസിൽ റെനുവിന്റെ ഭാര്യ ജയയാണ്(38) മരിച്ചത്. ശനിയാഴ്ച വൈകീട്ട് 3.15-ഓടെ അമ്പൂരി കവലയിലെ കുരിശ്ശടിക്കു സമീപത്ത് റോഡരികിലാണ് സംഭവം.

റോഡിനരികിൽ നിൽക്കുകയായിരുന്ന ഭർത്താവുമായി സാമ്പത്തിക കാര്യങ്ങളെ ചൊല്ലി വഴക്കിട്ട ജയ കൈവശമുണ്ടായിരുന്ന കുപ്പിയിൽ നിറച്ച പെട്രോൾ സ്വന്തം ദേഹത്ത് ഒഴിച്ചശേഷം തീ കത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭർത്താവും സമീപത്തുണ്ടായിരുന്നവരും ചേർന്ന് തീ കെടുത്തിയശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിച്ചു. ദേഹമാസകലം ഗുരുതരമായി പൊള്ളലേറ്റ ജയ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കേ ഞായറാഴ്ച പുലർച്ചെയോടെ മരിച്ചു.

ഭർത്താവിന്റെ കച്ചവടത്തിനായി കടം വാങ്ങിയ പണം തിരികെ നൽകാനാകാത്തതിലെ വഴക്കിനെത്തുടർന്നുള്ള സംഭവങ്ങളാണ് ആത്മഹത്യയ്ക്കു കാരണമായതെന്ന് പൊലീസ് പറഞ്ഞു. മക്കൾ: ജെറിൻ മാത്യു, നിഖിൽ മാത്യു.