- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന പെൺകുട്ടിയെ കാണാതായി; കണ്ടെത്തിയത് രണ്ടര മണിക്കൂറുകൾക്ക് ശേഷം: പെൺകുട്ടിയെ കാണാതായത് അതീവ സുരക്ഷയുള്ളിടത്ത് നിന്നും
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന പെൺകുട്ടിയെ കാണാതായി. മാനസികാരോഗ്യ വിഭാഗത്തിൽ ചികിത്സയിലിരുന്ന 18കാരിയെയാണ് കാണാതായത്. ഇടുക്കി സ്വദേശിനിയായ പെൺകുട്ടിയെ ആണ് ചികിത്സാ വിഭാഗത്തിൽനിന്ന് പുലർച്ചെ അഞ്ചുമണിയോടെ കാണാതായത്. ഞായറാഴ്ച രാവിലെ 7.30-ന് പെൺകുട്ടിയെ ഗൈനക്കോളജി വിഭാഗത്തിന് പിന്നിൽ കണ്ടെത്തിയതോടെയാണ് ആശ്വാസമായത്.
ജൂലായ് 16-നാണ് പെൺകുട്ടിയെ ഇവിടെ എത്തിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധു ഞായറാഴ്ച പുലർച്ചെ ഉണർന്നുനോക്കുമ്പോൾ പെൺകുട്ടിയെ കണ്ടില്ല. സമീപത്തെല്ലാം തിരഞ്ഞെങ്കിലും പ്രയോജനമുണ്ടായില്ല. തുടർന്ന് അത്യാഹിത വിഭാഗത്തിലെ പൊലീസിനെ അറിയിച്ചു. ഗാന്ധിനഗർ പൊലീസിലും വിവിധ വിഭാഗങ്ങളിലും വിവരം കൈമാറി. പൊലീസുകാരും തിരഞ്ഞു. രണ്ടര മണിക്കൂറത്തെ തിരച്ചിലിനൊടുവിൽ 7.30 ഓടെ കുട്ടിയെ കണ്ടെത്തി. നാലാം വാർഡിലെത്തിച്ച് ബന്ധുവിന് കൈമാറി.
അതേസമയം അതീവ സുരക്ഷയുള്ള മാനസിക രോഗവിഭാഗത്തിൽ നിന്നും പെൺകുട്ടി എങ്ങനെ പുറത്തിറങ്ങിയെന്നതിൽ വ്യക്തതയില്ല. രാത്രിയിൽ മാനസികാരോഗ്യവിഭാഗത്തിലേക്കുള്ള വരവും പോക്കും കർശന നിരീക്ഷണത്തിലാണ്. രാത്രി പത്തുമണിയോടെ പുറത്തേക്കുള്ള ഗേറ്റ് പൂട്ടും. ഇതിനുശേഷം അഡ്‌മിഷനെത്തുന്നവർക്കോ, ഡോക്ടർക്കോ അകത്തേക്ക് കയറണമെങ്കിൽ കോളിങ് ബെൽ മുഴക്കണം. അപ്പോൾ ജീവനക്കാർ വന്ന് വാതിൽതുറന്നാണ് അവരെ അകത്തേക്ക് കയറ്റുന്നത്. ഇത്ര കൃത്യമായ സംവിധാനങ്ങളുള്ളിടത്തുനിന്ന് പെൺകുട്ടി എങ്ങനെ പുറത്തേക്കിറങ്ങിപ്പോയെന്ന് വ്യക്തമായിട്ടില്ല.



