താമരശ്ശേരി: ചുരത്തിലൂടെ അപകടകരമായ രീതിയിൽ യാത്ര നടത്തിയ വാഹനത്തിന് പിഴ. ഡോറിന്റെ ഗ്ലാസ് താഴ്‌ത്തി അതിൽ ആളിരുന്നായിരുന്നു തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള കാറിൽ യുവാക്കൾ ചുരംകയറിയത്. കാറിന്റെ സൺറൂഫ് തുറന്ന് ഒരു യുവാവും യുവതിയും നിൽക്കുകയും ചെയ്തിരുന്നു.

കെ.എസ്.ആർ.ടി.സി. അടക്കമുള്ള ബസുകളും മറ്റു വാഹനങ്ങളും വലതുവശത്തിരിക്കുന്ന യുവാവിന് സമീപത്തുകൂടി കടന്നുപോകുന്ന അപകടകരമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തിൽ അപകടകരമായ നിലയിൽ കാറോടിച്ച ഡ്രൈവർക്ക് ഹൈവേ പൊലീസ് പിഴ ചുമത്തി.

ലക്കിടിയിൽവച്ചാണ് കാറിന് 1000 രൂപ പിഴയിട്ടത്. താമരശ്ശേരി ഹൈവേ പൊലീസ് എസ്‌ഐ. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിഴ ചുമത്തിയത്. യാത്രക്കാർ ചെന്നൈ സ്വദേശികളാണെന്ന് പൊലീസ് പറഞ്ഞു.