- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രാവൻകൂർ ടൈറ്റാനിയത്തിലെ 1.85 കോടിയുടെ ജോലി തട്ടിപ്പ് കേസ്; ട്രാവൻകൂർ ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിൽ ദിവ്യജ്യോതിയടക്കം 7 പ്രതികൾ ഹാജരാകാനുത്തരവ്
തിരുവനന്തപുരം : തലസ്ഥാനത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ കൊച്ചുവേളി ട്രാവൻകൂർ ടൈറ്റാനിയത്തിൽ നടന്ന 1.85 കോടിയുടെ ജോലി തട്ടിപ്പ് കേസിൽ മുഖ്യ പ്രതി ദിവ്യജ്യോതിയടക്കം 7 പ്രതികൾ ഹാജരാകാൻ കോടതി ഉത്തരവ്. തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്.
പ്രതികൾ ഈ മാസം 26 ന് ഹാജരാകാൻ മജിസ്‌ട്രേട്ട് അഭിനിമോൾ രാജേന്ദ്രൻ ഉത്തരവിട്ടു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 420 ( ചതിക്കലും കബളിപ്പിക്കപ്പെട്ടയാളിൽ നിന്നും പണവും രേഖകളും കൈക്കലാക്കിയുള്ള വഞ്ചനയും) , 419 ( ചതിക്കലിന് വേണ്ടിയുള്ള ആൾമാറാട്ടം) , 406 ( രേഖകൾ കൈക്കലാക്കിയുള്ള വിശ്വാസ ലംഘനം) , 34 (പൊതു ഉദ്ദേശ്യകാര്യസാധ്യത്തിനായി ഒന്നിൽ കൂടുതൽ പേർ ചേർന്ന് ചെയ്യുന്ന കൂട്ടായ പ്രവർത്തികൾ) എന്നീ കുറ്റങ്ങൾക്ക് കലണ്ടർ കേസെടുത്താണ് പ്രതികളോട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടത്.
തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള 30 ഓളം വഞ്ചനാ കേസുകളിൽ കന്റോൺമെന്റ് സ്റ്റേഷനിൽ മാത്രം രജിസ്റ്റർ ചെയ്ത 8 വഞ്ചനാ കേസുകളിലായി 8 കുറ്റപത്രങ്ങൾ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം സമർപ്പിച്ചിരുന്നു. പ്രധാന ഇടനിലക്കാരി ദിവ്യ ജ്യോതി നായർ, ഇവരുടെ ഭർത്താവ് രാജേഷ്, ഭർതൃസഹോദരൻ കുടപ്പനക്കുന്ന് നിവാസി പ്രേംകുമാർ, സുഹൃത്ത് ശ്യാം ലാൽ, ലീഗൽ ഡി ജി എമ്മും മുൻ എച്ച്.ആർ. മാനേജരുമായ അമ്പലമുക്ക് സ്വദേശി ശശികുമാരൻ തമ്പി, ദിവ്യ നടത്തിയ 27 തട്ടിപ്പു കേസുകളിൽ 6 ഇരകളെ ദിവ്യക്ക് പരിചയപ്പെടുത്തുകയും അനവധി പേരെ കബളിപ്പിച്ച് ബാങ്ക് അക്കൗണ്ടിലൂടെയും നേരിട്ടും കമ്മീഷൻ പറ്റിയ മുഖ്യ സൂത്രധാരൻ എംഎൽഎ ഹോസ്റ്റൽ കോഫി ഹൗസ് സൊസൈറ്റി ക്യാന്റിൻ പ്രസിഡന്റ് ശ്രീവരാഹം സ്വദേശി അനിൽ കുമാർ എന്ന മണക്കാട് അനിൽ (56) , ക്യാൻവാസിങ് ഏജന്റ് കുര്യാത്തി സ്വദേശി അഭിലാഷ് എന്നിവരാണ് 1 മുതൽ 7വരെയുള്ള പ്രതികൾ.
2018-2022 കാലയളവിലാണ് തൊഴിൽ തട്ടിപ്പു നടന്നത്. ടൈറ്റാനിയത്തിൽ മാനേജർ , അസി.മനേജർ , ക്ലാർക്ക് , കെമിസ്റ്റ്, ജൂനിയർ അസിസ്റ്റന്റ്, ഡ്രൈവർ, ജൂനിയർ എൻജിനിയർ, പ്ലംബർ, വർക്ക് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിൽ 12 മുതൽ 20 ലക്ഷം രൂപ വരെ വാങ്ങി ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. 75000 രൂപ വരെ ശമ്പളം ലഭിക്കുന്ന തസ്തികകളാണ് ഇവയെന്നു വിശ്വസിപ്പിച്ചാണ് ഉദ്യോഗാർഥികളെ ആകർഷിച്ചിരുന്നത്. കെമിസ്റ്റ് തസ്തികയിൽ മാത്രം 30-ഓളം പേരിൽനിന്നാണ് പണം വാങ്ങിയത്. തലസ്ഥാനത്തെ വിവിധ ഹോട്ടലുകളിൽവച്ചായിരുന്നു പണം കൈമാറലും ചർച്ചകളും. മാസങ്ങൾ കഴിഞ്ഞിട്ടും ഉത്തരവു ലഭിക്കാതായതോടെയാണ് പലരും പരാതിപ്പെടാൻ തുടങ്ങിയത്. ചിലർക്ക് താത്കാലികമായി ജോലി നൽകാമെന്നു പറഞ്ഞിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്