- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫോർട്ട് ഗവ ആശുപത്രിയിൽ വരിയിൽ നിൽക്കാൻ തയ്യാറാകാതിരുന്ന 2 പേർ; അത്യാഹിത വിഭാഗത്തിലെ വനിതാ ഡോക്ടറെ കൈ പിടിച്ചു തിരിച്ച് ആക്രമിച്ച കേസ്; പ്രതികൾക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്
തിരുവനന്തപുരം: ക്യൂ നിൽക്കാൻ ആവശ്യപ്പെട്ടതിന് ഫോർട്ട് ഗവ: താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്ടറുടെ കൈ തിരിച്ചു പിടിക്കുകയും ജീവനക്കാരെയടക്കം ആക്രമിക്കുകയും ചെയ്ത കേസിൽ രണ്ടു പ്രതികൾക്ക് കോടതിയുടെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. അടിപിടിയുണ്ടാക്കി ചികിത്സക്കെത്തിയ കരിമഠം കോളനി നിവാസി റഷീദ് , ഇയാളുടെ കൂട്ടാളി റഫീഖിനെയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാനാണുത്തരവ്.
തിരുവനന്തപുരം രണ്ടാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്. പ്രതികളെ അറസ്റ്റ് ചെയ്യാൻ ഫോർട്ട് പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറോട് മജിസ്‌ട്രേട്ട് പി. അരുൺകുമാർ ഉത്തരവിട്ടു. 2021 ഓഗസ്റ്റ് 6 രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. മാളുവിനെയാണ് ആക്രമിച്ചത്. അടിപിടി കേസിൽ ചികിത്സക്കെത്തിയവരാണ് അക്രമം നടത്തിയത്. വരി നിൽക്കാൻ തയ്യാറാകാതിരുന്ന ഇവർ ചികിത്സ വൈകിയെന്ന് ആരോപിച്ചായിരുന്നു ഡോക്ടറെ കൈയേറ്റം ചെയ്തത്. ഡോക്ടറുടെ കൈ പിടിച്ചു തിരിക്കുകയായിരുന്നു.
ഡോക്ടറെ രക്ഷപെടുത്താൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരനെയും സംഘം ആക്രമിച്ചു. ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും ഒന്നാം പ്രതി റഷീദിനെ അറസ്റ്റ് ചെയ്തു. രണ്ടാം പ്രതി റഫീക്ക് ഓടി രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ റഫീക്കിനെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൈക്ക് പരിക്കേറ്റ ഡോക്ടർ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പ്രതിഷേധിച്ച് കെ. ജി. എം. ഒ. എയുടെ ആഭിമുഖ്യത്തിൽ ഫോർട്ട് ആശുപത്രിയിലെ ഡോക്ടർമാർ ഒ.പി. ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചു. മന്ത്രി വി. ശിവൻകുട്ടി ആശുപത്രിയിലെത്തി ചികിത്സയിൽ കഴിയുന്ന ഡോക്ടറുമായും കെ. ജി. എം. ഒ. എ നേതാക്കളുമായും ചർച്ച നടത്തി. രണ്ടാമത്തെ പ്രതിയെയും അറസ്റ്റ് ചെയ്തതിനെ തുടർന്ന് ഡോക്ടർമാർ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
ഡോക്ടർമാർക്കെതിരെ തുടർച്ചയായി ആക്രമണം ഉണ്ടാകുന്ന സംഭവങ്ങളിൽ പ്രതിഷേധവുമായി ഐഎംഎ രംഗത്തെത്തി. ആശുപത്രിയിലെ അതിക്രമങ്ങൾ തുടരുകയാണെന്നും, അത്യാഹിത വിഭാഗങ്ങളിൽ ഡോക്ടർമാർ അക്രമിക്കപ്പെടുന്നുവെന്നും ഇങ്ങനെ പോയാൽ ആരെങ്കിലും കൊല്ലപ്പെട്ടേക്കാമെന്നും ഡോ. സുൽഫി നൂഹു ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഇതിനെതിരെ നിയമനിർമ്മാണ ശക്തമാക്കണമെന്നും പൊതുജനങ്ങൾ അതിശക്തമായി പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അത്യാഹിത വിഭാഗത്തിൽ ഡോക്ടറെ ആക്രമിക്കുന്ന വീഡിയോ അദ്ദേഹം പങ്കിടുകയും ചെയ്തു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്