കൊച്ചി: അതിഥിത്തൊഴിലാളകൾക്ക് അവരുടെ സംസ്ഥാനത്തെ റേഷൻ കാർഡിൽ കേരളത്തിൽ നിന്നും റേഷൻ സാധാനങ്ങൾ വാങ്ങാൻ കഴിയുന്ന പദ്ധതി പെരുമ്പാവൂരിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. 'റൈറ്റ് റേഷൻ കാർഡ്' എന്ന സംവിധാനത്തിലൂടെ അതിഥിത്തൊഴിലാളികൾക്ക് കേരളത്തിൽ നിന്നും സാധനങ്ങൾ റേഷൻ വിലയിൽ വാങ്ങാൻ കഴിയും.

സംസ്ഥാനത്ത് ഒരാൾ പോലും പട്ടിണി കിടക്കരുത് എന്നതാണ് സർക്കാർ നയമെന്ന് മന്ത്രി പറഞ്ഞു. ആരും പട്ടിണി കിടക്കരുത് എന്നതുകൊണ്ട് സർക്കാർ ഉദ്ദേശിക്കുന്നത് മലയാളികൾ മാത്രം പട്ടിണി കിടക്കരുത് എന്നല്ല. സംസ്ഥാനത്ത് താമസിക്കുന്ന ആരും ഭക്ഷണത്തിനായി ബുദ്ധിമുട്ടരുത്. ആ ലക്ഷ്യത്തിൽ ഊന്നിയാണ് അതിഥിത്തൊഴിലാളികൾക്ക് റേഷൻ ഉറപ്പാക്കുന്ന 'റേഷൻ റൈറ്റ് കാർഡ് പദ്ധതി' സർക്കാർ ആവിഷ്‌കരിച്ചത്. ഇത് അതിഥിത്തൊഴിലാളികൾക്കുള്ള കേരളത്തിന്റെ ഓണ സമ്മാനമാണെന്നും അദ്ദേഹം പറഞ്ഞു.

'ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി' പ്രകാരം ദാരിദ്യ വിഭാഗത്തിലുള്ള (എൻഎഫ്എസ്എ) റേഷൻ കാർഡ് ഉടമകൾക്ക് ഏത് സംസ്ഥാനത്തെ റേഷൻ കടകളിൽ നിന്നും റേഷൻ വിഹിതം വാങ്ങാം. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് റേഷൻ വ്യാപാരികൾക്കും അതിഥിത്തൊഴിലാളികൾക്കും കാര്യമായി അറിവില്ല.