കണ്ണൂർ: ബാങ്കിൽ നിന്നും വയോധികന്റെ പേഴ്‌സ് കവർന്ന് എ.ടി.എം കാർഡ് ഉപയോഗിച്ച് പണം മോഷ്ടിച്ച മുൻ സൈനികൻ അറസ്റ്റിൽ. മയ്യിൽ വേളം സ്വദേശിയും മുൻ സി.ആർ പി.എഫ് ഉദ്യോഗസ്ഥനുമായ യു. കൃഷ്ണനെയാണ് (58) കണ്ണൂർ ടൗൺ ഇൻസ്‌പെക്ടർ പി.എം ബിനുമോഹന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റു ചെയ്തത്.

കഴിഞ്ഞ ജൂലായ് 22ന് താവക്കരയിൽ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണൂർ സിറ്റി നാലു വയൽ സ്വദേശി ടി.പി മുസ്തഫയുടെ (65) എ.ടി.എം കാർഡിൽ നിന്നാണ് പ്രതി പണം കവർന്നത്. വിവിധ എ.ടി.എമ്മുകളിൽ നിന്ന് ആറു തവണയായി 45, 500 രൂപയാണ് ഉടമ അറിയാതെ പിൻവലിച്ചത്.

മുസ്തഫയുടെ പരാതിയിൽ കണ്ണൂർ ടൗൺ പൊലിസ് അന്വേഷണം നടത്തി വരവെയാണ് പ്രതി പിടിയിലായത്. കൃഷ്ണന്റെ പേരിൽ മയ്യിൽ പൊലിസ് സ്റ്റേഷനിൽ നേരത്തെ ഒരു പോക്‌സോ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു. പിടിയിലായ പ്രതിയെ അറസ്റ്റു ചെയ്തു കണ്ണൂർ കോടതിയിൽ ഹാജരാക്കി.