കണ്ണൂർ: തലശേരി നഗരത്തിലെ എക്സൈസ് ഓഫീസിൽ അക്രമം നടത്തിയ ലഹരിമാഫിയ സംഘത്തിൽപ്പെട്ടവരായ രണ്ടു പേരെ ന്യൂമാഹി പൊലിസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തലശേരിയിൽ നിന്നും കഞ്ചാവുമായി പിടികൂടിയ ധർമ്മടം സ്വദേശി ഖലീൽ, പെരിങ്ങത്തൂർ സ്വദേശി സുൽത്താൻ ജമാൽ എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്. ഇവരെ പിന്നീട് തലശേരി സബ് ജയിലിലേക്ക് മാറ്റി.

തലശേരി എക്സൈസ് പ്രിവന്റീവ് ഓഫീസർ സുധീർ വാഴവളപ്പിലിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ശനിയാഴ്ച വൈകുന്നേരത്തോടെയാണ് തലശേരിയിലെ സ്വകാര്യ ലോഡ്ജിന് മുന്നിൽ നിന്നും ഇരുവരെയും കഞ്ചാവ് സഹിതം പിടികൂടുന്നത്.

ഖലീലിന്റെ കൈവശം 18 ഗ്രാമും, ജമാലിന്റെ കൈവശം 22 ഗ്രാം കഞ്ചാവുമുണ്ടായിരുന്നു. പരിശോധനയിൽ ജമാലിന്റെ കൈയിൽ നിന്നും എസ് മോഡൽ കത്തിയും പിടികൂടി. അറസ്റ്റ് ചെയ്ത് എക്സ്സൈസ് ഓഫീസിലെത്തിച്ചപ്പോൾ പ്രതിയായ ജമാൽ അക്രമാസക്തനാവുകയും എക്സൈസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു.

ഓഫീസിലുണ്ടായിരുന്ന കമ്പ്യൂട്ടർ സ്‌കാനർ , പ്രിന്റർ, ടേബിൾ, പെഡസ്റ്റൽ ഫാൻ എന്നിവ അടിച്ചു തകർത്തു. തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥർ ഏറെ പണിപ്പെട്ടാണ് പ്രതിയെ കീഴടക്കിയത്. അസി. എക്സൈസ് ഓഫീസർ സെന്തിൽകുമാർ, പ്രിവന്റീവ് ഓഫീസർ വി.കെ ഷിബു, എക്സൈസ് ഉദ്യോഗസ്ഥരായ ലിമേഷ്, വി.കെ ഫൈസൽ, യു.ഷെനിത്ത് രാജ്, ജസ്ന ജോസഫ്, എം.ബീന എന്നിവർ ചേർന്നാണ് അക്രമികളെ പിടികൂടിയത്.വനിതാ ജീവനക്കാർ ഉൾപ്പടെയുള്ളപ്പോഴായിരുന്നു അക്രമം.

കഴിഞ്ഞ ദിവസവം ഖലീലിനെ എക്സ്സൈസ് സംഘം പിടികൂടിയിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും കഞ്ചാവുമായി പിടിയിലായത്. ജമാൽ പെരിങ്ങത്തൂരിലെ സൂപ്പർ മാർക്കറ്റ് അടിച്ചു പൊളിച്ച കേസിലും പ്രതിയാണെന്ന് എക്സൈസ് അറിയിച്ചു. ലഹരിവിൽപനക്കാരായ ഇവർ അതു ഉപയോഗിക്കുകയും ചെയ്തിരുന്നുവെന്നാണ് എക്സൈസ് പറയുന്നത്. അതിനാലാണ് എക്സൈസ് ഓഫീസിൽ നിന്നും പ്രകോപിതരായി അക്രമം അഴിച്ചുവിട്ടത്. തലശേരി നഗരത്തിൽ മയക്കുമരുന്ന് വിൽപനയും ഉപയോഗവും വ്യാപകമായതിനാൽ എക്സൈസും പൊലിസും കഴിഞ്ഞ കുറെ ദിവസങ്ങളായി വ്യാപകമായി റെയ്ഡുനടത്തിവരികയാണ്. പിടികിട്ടാപ്പുള്ളികൾ ഉൾപ്പടെ നിരവധി പേരെയാണ് ഇതുവരെയായി പിടികൂടിയത്.