തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഇത്തവണത്തെ ഓണച്ചന്തയ്ക്ക് മറ്റന്നാൾ തുടക്കമാകും. എന്നാൽ 13 ഇനം സബ്‌സിഡി സാധനങ്ങളിൽ പലതിന്റെയും സ്റ്റോക്ക് ഇനിയും എത്തിയിട്ടില്ല. റീ ടെൻഡർ വഴി 1000 കിലോ വറ്റൽ മുളക് സപ്ലൈകോയ്ക്കു ലഭിച്ചതാണ് ഏക ആശ്വാസം. മറ്റ് 13 ഇനം സബ്‌സിഡി സാധനങ്ങളിൽ പച്ചരി, കറുത്ത കടല, വൻപയർ തുടങ്ങി പലതിനും ഇപ്പോഴും ക്ഷാമമുണ്ട്. അതിനിടയിൽ സപ്ലൈകോയുടെ കനത്ത സാമ്പത്തിക പ്രതിസന്ധിയും കാര്യങ്ങൾ വഷളാക്കുന്നു.

അതേസമയം മുളക് 14 പ്രധാന ഓണച്ചന്തകൾ വഴി മാത്രമാണു വിൽക്കുക. അതിനാൽ മുഴുവൻ ആവശ്യക്കാർക്കും സാധനം തികയില്ല. പൊതുവിപണിയിൽ അൽപം വില കുറഞ്ഞതിനാലാണ് മുളക് ലഭിച്ചത്. നേരത്തേ ടെൻഡർ ക്ഷണിച്ചപ്പോൾ ലഭിച്ചില്ല. വിപണിയിൽ വറ്റൽ മുളകിന്റെ വില കിലോയ്ക്ക് 360 രൂപ വരെ ഇടയ്ക്ക് വർധിച്ചത് പിന്നീട് 260 രൂപ വരെയായി താഴ്ന്നിരുന്നു. സബ്‌സിഡിയോടെ കിലോയ്ക്ക് 75 രൂപയ്ക്കാണ് മുളക് നൽകുന്നത്.

സപ്ലൈകോ കനത്ത ധനപ്രതിസന്ധി നേരിടുന്നതിനാൽ വിതരണക്കാർക്ക് മുൻകാല കുടിശികയായി 560 കോടി രൂപ വരെ നൽകാനുണ്ട്. സംസ്ഥാന സർക്കാരിൽ നിന്നു വിപണി ഇടപെടലിന് ആകെ ലഭിച്ചത് 70 കോടി രൂപയാണ്. 500 കോടി രൂപ ആവശ്യപ്പെട്ടു ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ ധനമന്ത്രി കെ.എൻ.ബാലഗോപാലുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും അധികവിഹിതത്തിന്റെ കാര്യത്തിൽ തീരുമാനമായില്ല.

അതേസമയം, റേഷൻ കാർഡ് ഉടമകൾക്കുള്ള സൗജന്യക്കിറ്റിന്റെ പ്രഖ്യാപനം ഇനിയും ഉണ്ടായിട്ടില്ല. കിറ്റ് ഉറപ്പാണെങ്കിൽ ഇന്ന് മന്ത്രിസഭായോഗത്തിലോ 18ന് ഓണച്ചന്തകളുടെ ഉദ്ഘാടനദിനത്തിലോ മുഖ്യമന്ത്രി പ്രഖ്യാപിക്കാനാണു സാധ്യത. ഇത്തവണ പതിനാലോളം ഇനങ്ങൾ ഉൾപ്പെടുത്തിയ കിറ്റ് 5.87 ലക്ഷം മഞ്ഞ കാർഡ് ഉടമകൾക്കും സർക്കാർ അംഗീകൃത ക്ഷേമകാര്യ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും നൽകാനുള്ള ശുപാർശയാണ് ഭക്ഷ്യപൊതുവിതരണ വകുപ്പ് സമർപ്പിച്ചത്.

ഓണത്തിന് മുൻപ് സാധനങ്ങൾ വാങ്ങി പാക്ക് ചെയ്തു കിറ്റ് വിതരണം ചെയ്യാൻ ഒന്നരയാഴ്ച മാത്രമാണു ശേഷിക്കുന്നത് എന്നതിനാൽ ഫലവത്താകുമോയെന്ന് സപ്ലൈകോയ്ക്കും ഉറപ്പില്ല. കഴിഞ്ഞ തവണ ഏറെ മുൻപേ പ്രഖ്യാപിച്ചിരുന്നു.