- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആങ്ങാമൂഴിയിൽ കാട്ടാനയുടെ ആക്രമണം; ആനയുടെ മുന്നിൽപ്പെട്ട നിരവധി പേർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: ഓട്ടോറിക്ഷ തകർത്തു
സീതത്തോട്: ആങ്ങാമൂഴിയിൽ കാട്ടാനയിറങ്ങി. നിരവധി പേരെയാണ് കാട്ടാന ആക്രമിക്കാൻ ശ്രമിച്ചത്. തലനാരിഴയ്ക്കാണ് എല്ലാവരും രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ 8.30നാണ് നാട്ടുകാരെ ഭീതിയിലാക്കി കാട്ടാന ഇറങ്ങിയത്. കാട്ടാനയുടെ മുന്നിൽപെട്ട ടാപ്പിങ് തൊഴിലാളികളായ ദമ്പതികളും ബൈക്ക് യാത്രക്കാരനും വീട്ടുമുറ്റത്തു നിന്ന സ്ത്രീയും തലനാരിഴയ്ക്കാണ് ആനയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടത്. ആങ്ങമൂഴി ചതുപ്പിനു സമീപം റബർ ടാപ്പിങ് തൊഴിലാളിയുടെ ഓട്ടോറിക്ഷ കാട്ടാന ആക്രമിച്ചു തകർത്തു.
ആങ്ങമൂഴി മേപ്പനാൽ ലീലാമ്മ (64), കോട്ടമൺപാറ കളിയിക്കമലയിൽ കെ.പി.മധു (52), ഭാര്യ ഉഷ (48), ആങ്ങമൂഴി ഷാജി വെള്ളാപ്പള്ളി (42) എന്നിവരാണ് കാട്ടാനയുടെ മുന്നിൽപെട്ടത്. പഞ്ഞിപ്പാറയിലേക്കു പോകുന്ന വഴിയിലാണ് ലീലാമ്മയുടെ വീട്. വീട്ടുമുറ്റത്ത് നിൽക്കുമ്പോഴാണ് ലീലാമ്മയുടെ നേർക്കു കാട്ടാന എത്തുന്നത്. ആനയെ കണ്ട് ഓടുന്നതിനിടെ താഴെവീണ ഇവരെ സമീപത്തെ പുരയിടത്തിലുണ്ടായിരുന്ന ഉണ്ണി ഓടിയെത്തി എടുത്ത് വീടിനുള്ളിലേക്ക് മാറ്റുകയായിരുന്നു. വീണ്ടും ചതുപ്പ് റോഡിലേക്കു പോയ ആന ബൈക്കിൽ പോകുകയായിരുന്ന ഷാജിക്കു നേരെ തിരിഞ്ഞെങ്കിലും ബൈക്ക് ഉപേക്ഷിച്ച് ഷാജി ഓടിരക്ഷപ്പെടുകയായിരുന്നു.
ഇതിനുശേഷം സ്വകാര്യ തോട്ടത്തിലേക്കു പോയ ആന ഇവിടെ കിടന്നിരുന്ന മധുവിന്റെ ഓട്ടോറിക്ഷ കുത്തിമറിച്ച് കുഴിയിലിട്ടു. ആനയുടെ ആക്രമണത്തെപ്പറ്റി അറിയാതെ മധുവും ഉഷയും ടാപ്പിങ് ജോലിയിലായിരുന്നു. ചിഹ്നം വിളി കേട്ട് തിരിഞ്ഞു നോക്കുമ്പോഴാണ് ആന നേർക്കു വരുന്നത് കാണുന്നത്. ഉടൻ ഇരുവരും സമീപത്തെ പുരയിടത്തിലേക്കു ഓടി രക്ഷപ്പെടുകയായിരുന്നു. ആന പിന്നീട് സമീപത്തെ തോട്ടത്തിലേയ്ക്കു മാറി നിലയുറപ്പിച്ചു. പഞ്ഞിപ്പാറ വനമേഖലയിൽ നിന്നുള്ള ആന കഴിഞ്ഞ ദിവസമാണ് കാടിറങ്ങിയതെന്ന് സ്ഥലവാസികൾ പറയുന്നു. പിന്നീട് സമീപത്തെ കാട്ടിൽതന്നെ നിൽക്കുകയായിരുന്നു. സംഭവം അറിഞ്ഞ് വനപാലകർ സ്ഥലത്തെത്തി. ഈ പ്രദേശത്ത് ആദ്യമായാണ് കാട്ടാന എത്തുന്നത്.



