കണ്ണൂർ: ധർമശാലയിൽ നിർത്തിയിട്ട ലോറിക്കടിയിൽ കിടന്നുറങ്ങിയ യുവാവ് അതേ ലോറികയറി മരിച്ചു. തൃശൂർ ചേർപ്പ് മുത്തുള്ളിയാൽ വെളുത്തേടത്തു വീട്ടിൽ രാജൻ-രാജി ദമ്പതികളുടെ മകൻ സജേഷ് (36) ആണു മരിച്ചത്. ഇന്നലെ രാത്രി ഒൻപതരയോടെ ദൂരദർശൻ കേന്ദ്രത്തിനു സമീപത്താണ് അപകടം. ലോറി ഡ്രൈവർ തമിഴ്‌നാട് നാമക്കൽ സ്വദേശി ജോർജിനെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു.

ആന്തൂർ വ്യവസായ മേഖലയിൽ പ്ലൈവുഡ് കയറ്റാൻ തമിഴ്‌നാട്ടിൽനിന്നെത്തിയ ലോറി പകൽ റോഡരികിൽ നിർത്തിയിട്ടതായിരുന്നു. സജീഷ് ലോറിയുടെ അടിയിൽ കയറിക്കിടന്ന് ഉറങ്ങി. ഇത് അറിയാതെ ഡ്രൈവർ ലോറിയെടുത്തപ്പോൾ കാലുകളിലൂടെ കയറിയിറങ്ങി. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സ്റ്റീൽ ഫാബ്രിക്കേഷൻ പണിക്കാരനായ സജേഷ് 5 വർഷമായി തളിപ്പറമ്പിലെ സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുകയാണ്. സംസ്‌കാരം ഇന്നു രാവിലെ 9ന് വീട്ടുവളപ്പിൽ. സഹോദരൻ: അജീഷ്.