തിരുവനന്തപുരം: യുവതിയെ പീഡിപ്പിച്ച് നഗ്‌നദൃശ്യം പകർത്തുകയും പ്രചരിപ്പിക്കുമെന്ന് ഭയപ്പെടുത്തി 12 ലക്ഷവും 19 പവൻ സ്വർണ്ണവും കാറും അപഹരിച്ച കേസിൽ പ്രതി ടെക്‌നോപാർക്ക് ഡ്രൈവർ അൻസറിനെതിരെ സിറ്റി കന്റോൺമെന്റ് പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി മുമ്പാകെയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. തിരുവനന്തപുരം കന്യാകുളങ്ങര കൊച്ചാലുമ്മൂട്ടിൽ വാടകക്ക് താമസിക്കുന്ന ടെക്‌നോപാർക്ക് ഡ്രൈവർ അൻസറിനെ (30) പ്രതി ചേർത്താണ് പൊലീസ് കുറ്റപത്രം.

തിരുവനന്തപുരം സ്വദേശിനിയായ 45-കാരിയാണ് യുവാവിനെതിരേ പൊലീസിൽ പരാതി നൽകിയത്. മൂന്നുവർഷം മുൻപ് സാമൂഹികമാധ്യമത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. പീഡിപ്പിച്ച് നഗ്‌ന ദൃശ്യങ്ങൾ പകർത്തിയ ശേഷം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡനം ആവർത്തിച്ചെന്നും പലതവണയായി 12 ലക്ഷം രൂപയും 19 പവൻ സ്വർണാഭരണവും കാറും തട്ടിയെടുത്തെന്നുമാണ് കേസ്.

പ്രതിയായ അൻസർ വിവാഹിതനാണ്. 2023 മാർച്ച് 2 നാണ് പ്രതി അറസ്റ്റിലായത്. വട്ടപ്പാറ സിഐ. ശ്രീജിത്ത്, എസ്‌ഐ.മാരായ സുനിൽ കുമാർ, ശ്രീലാൽ, എഎസ്ഐ. സജീഷ് കുമാർ, സി.പി.ഒ.മാരായ ജയകുമാർ, ശ്രീകാന്ത്, റിജാഷ എന്നിവരടങ്ങുന്ന സംഘം അറസ്റ്റുചെയ്തത്. തുടർന്ന് പ്രധാന കുറ്റകൃത്യങ്ങൾ നടന്നത് സിറ്റി കന്റോൺമെന്റ് പൊലീസ് സ്റ്റേഷൻ പരിധിക്കകമാകയാൽ അന്വേഷണം കന്റോൺമെന്റ് പൊലീസിന് കൈമാറുകയായിരുന്നു.