തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വിവിധ മാലിന്യ ശേഖരണ സംസ്‌കരണ യൂണിറ്റുകളിൽ ജില്ലാ മാലിന്യ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധന നടത്തി. മാണിക്കൽ, നെല്ലനാട്, കല്ലറ എന്നിവിടങ്ങളിലെ യൂണിറ്റുകളാണ് സംഘം പരിശോധിച്ചത്. കല്ലറ ഗ്രാമപഞ്ചയത്തിലെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്റർ പ്രവർത്തനക്ഷമമല്ലെന്ന് പരിശോധനയിൽ കണ്ടെത്തി. മാലിന്യം തരംതിരിക്കലും മറ്റ് പ്രവർത്തനങ്ങളും കൃത്യമായി നടക്കാത്തതിനാൽ ശേഖരിച്ച മാലിന്യങ്ങൾ ചാക്കിൽക്കെട്ടിയ അവസ്ഥയിലായിരുന്നു. എം.സി.എഫ് ഉടൻ പ്രവർത്തന സജ്ജമാക്കാൻ കല്ലറ ഗ്രാമപഞ്ചായത്തിന് സ്‌ക്വാഡ് നിർദ്ദേശം നൽകി. നെല്ലനാട് ഗ്രാമപഞ്ചായത്തിലെ തുമ്പൂർമൂഴികളിൽ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാണെന്നും മറ്റ് പഞ്ചായത്തുകളിലെ മാലിന്യ ശേഖരണ - സംസ്‌കരണ യൂണിറ്റുകളിൽ പരിശോധനകൾ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നും എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് അറിയിച്ചു.

ജില്ലാ ശുചിത്വ മിഷൻ എൻഫോഴ്‌സ്‌മെന്റ് ഓഫീസർ, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ പ്രതിനിധി, പൊലീസ്, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്.