- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെയ്യാത്ത നിയമലംഘനത്തിനും നോട്ടീസ്; 'പരിധിവിട്ട്' എ.ഐ കാമറ; പരാതികൾ പെരുകുന്നു; പരാതികൾ ഇനിമുതൽ ഓൺലൈനായും സമർപ്പിക്കാം; സംവിധാനം സെപ്റ്റംബർ ആദ്യവാരം മുതൽ നിലവിൽവരുമെന്ന് എം വിഡി
തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ സ്ഥാപിച്ച എ.ഐ കാമറ കുരിക്കിലകപ്പെട്ടവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയും ചെയ്യാത്ത നിയമലംഘനത്തിനും നോട്ടീസ് വരുന്നതും പതിവായതോടെ പരാതികൾ ഏറുകയാണ്. ഇത്തരത്തിൽ നിയമ കുരുക്കിൽ പെടുന്നവർക്ക് ആശ്വാസമാകുന്ന ഒരു തീരുമാനം കൈക്കൊണ്ടിരിക്കുകയാണ് എം വിഡി. എ.ഐ കാമറ സംബന്ധിച്ച പരാതികൾ ഇനിമുതൽ ഓൺലൈനായും സമർപ്പിക്കാം. ഈ സംവിധാനം സെപ്റ്റംബർ ആദ്യവാരം മുതൽ നിലവിൽവരുമെന്നാണ് കേരള മോട്ടോർ വെഹിക്കിൽ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചിരിക്കുന്നത്.
ഓൺലൈന് പരാതികൾ സ്വീകരിക്കാനുള്ള സോഫ്റ്റുവെയറിന്റെ പരീക്ഷണം പൂർത്തിയായിട്ടുണ്ട്. മോട്ടോർ വാഹനവകുപ്പിന്റെ വെബ്‌സൈറ്റിൽ പരാതി സമർപ്പിക്കാനുള്ള ലിങ്ക് ഉടൻ വരുമെന്നാണ് സൂചന. ഓൺലൈൻ പരാതികൾ അതത് ആർ.ടി.ഒ.മാർക്ക് കൈമാറുംവിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. വ്യാജപരാതികൾ ഒഴിവാക്കാൻ എസ്.എം.എസ് രജിസ്‌ട്രേഷനും സംവിധാനമുണ്ടാകും.
ഇ-ചെലാൻ നമ്പർ സഹിതമാണ് പരാതി രജിസ്റ്റർചെയ്യേണ്ടത്. രജിസ്‌ട്രേഷൻ രേഖകളിൽ നൽകിയ വാഹനയുടമയുടെ മൊബൈൽ നമ്പറിലേക്ക് ഒറ്റത്തവണ രജിസ്‌ട്രേഷന് എസ്.എം.എസ്. ലഭിക്കും. രജിസ്‌ട്രേഷൻ പൂർത്തീകരിച്ച് പരാതിസമർപ്പിക്കാം.
നിശ്ചിതദിവസത്തിനുള്ളിൽ ഉദ്യോഗസ്ഥർ നടപടിയെടുക്കും. പിഴ ഒഴിവാക്കിയിട്ടുണ്ടെങ്കിൽ അതുസംബന്ധിച്ച സന്ദേശം വാഹനയുടമയ്ക്ക് ലഭിക്കും. കരിമ്പട്ടിക നീക്കംചെയ്യുന്നതടക്കമുള്ള കാര്യങ്ങൾക്ക് ഈ ഓൺലൈൻ പരാതിപരിഹാരസംവിധാനം ഭാവിയിൽ ഉപയോഗിക്കാനാണ് തീരുമാനം. ഗതാഗതനിയമലംഘനങ്ങൾ കണ്ടെത്താൻ എ.ഐ. കാമറ സംവിധാനം നിലവിൽവന്നതോടെയാണ് തെറ്റായി പിഴചുമത്തുന്നതുസംബന്ധിച്ച് പരാതി ഉയർന്നത്.
675 എ.ഐ കാമറകൾ, 25 പാർക്കിങ് വയലേഷൻ ഡിറ്റക്ഷൻ കാമറകൾ, 18 റെഡ് ലൈറ്റ് വയലേഷൻ ഡിറ്റക്ഷൻ കാമറകൾ, 4സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ കാമറകൾ, 4 മൊബൈൽ സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ കാമറകൾ എന്നിവയാണ് ആദ്യഘട്ടത്തിൽ പ്രവർത്തന സജ്ജമായിരിക്കുന്നത്. സോളാർ എനർജി ഉപയോഗിച്ചും 4ഏ സംവിധാനത്തിലൂടെയുമാണ് കാമറ പ്രവർത്തിക്കുന്നത്. ആറ് നിയമലംഘനങ്ങളാണ് പ്രധാനമായും എ.ഐ ക്യാമറകൾ വഴി പിടികൂടുന്നത്.




