തിരുവനന്തപുരം: സംസ്ഥാനത്തെ കയർ,കശുവണ്ടി തൊഴിലാളികളുടെ ബോണസ് പ്രഖ്യാപിച്ചു. തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ സാന്നിധ്യത്തിൽ ചേർന്ന വ്യവസായ ബന്ധസമിതി യോഗത്തിലാണ് തീരുമാനം.

കയർ തൊഴിലാളികൾക്ക് 2023ലെ ഓണം/ ക്രിസ്മസ് ഫൈനൽ ബോണസ് 30.34 % ആണ്. തൊഴിലാളിയുടെ ആകെ വരുമാനത്തിന്റെ 20% ബോണസും 10.34 ശതമാനം ഇൻസെന്റീവും ഉൾപ്പെടെയാണിത്.കശുവണ്ടി തൊഴിലാളികൾക്ക് ഓണം ബോണസായി 20 ശതമാനവും ഇൻസെന്റീവ് ആയി 10000 രൂപയും നൽകാനും തീരുമാനിച്ചു.

യോഗത്തിൽ ലേബർ കമ്മീഷണർ ഡോ. കെ വാസുകി ഐഎഎസ്, അഡീഷണൽ ലേബർ കമ്മീഷണർ ഐആർകെ ശ്രീലാൽ, വ്യവസായ ബന്ധസമിതിയിലെ തൊഴിലാളി - തൊഴിലുടമാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.