പയ്യന്നൂർ: കുഞ്ഞിമംഗലം കൊവ്വപ്പുറത്തെ സഹകരണ സൊസൈറ്റി ഓഫീസിൽ ജീവനക്കാരി പട്ടാപ്പകൽ ജീവനൊടുക്കിയ സംഭവത്തിൽ പൊലിസ് അന്വേഷണം അന്തിമഘട്ടത്തിൽ. കുഞ്ഞിമംഗലം കൊവ്വപ്പുറത്തെ കുഞ്ഞിമംഗലം അഗ്രിക്കൾച്ചറൽ വെൽഫേർ സൊസൈറ്റിയിലെ സെയിൽസ് വിഭാഗം ക്ലാർക്ക് കടവത്ത് വളപ്പിൽ കെ.വി.സീനയാണ് ജൂലൈ-31 ന് പകൽ 11.30 നാണ് സൊസൈറ്റി ഓഫീസിൽ തുങ്ങിമരിച്ചത്.

സംഭവത്തിൽ പരിയാരം എസ്‌ഐ പി.സി.സഞ്ജയ്കുമാർ അന്വേഷണം നടത്തിവരുന്ന അന്വേഷണത്തിന്റെ ഭാഗമായി ആത്മഹത്യാകുറിപ്പ് വിദഗ്ദ്ധ പരിശോധനക്ക് അയച്ചിരുന്നു. തന്റെ മരണത്തിന് ഉത്തരവാദിയായ ആളെക്കുറിച്ച് സീന ആത്മഹത്യാകുറിപ്പിൽ പേരെടുത്ത് പറഞ്ഞിരുന്നു.

അത്മഹത്യാകുറിപ്പ് സീന തന്നെ എഴുതിയതാണെന്ന് ശാസ്ത്രീയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ജീവനക്കാരെയും സീനയുടെ ബന്ധുക്കളെയും പൊലീസ് വിശദമായി ചോദ്യംചെയ്യുകയും മൊഴിരേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അടുത്ത ദിവസം തന്നെ ഇക്കാര്യത്തിൽ പൊലീസ് നിർണായകമായ നീക്കം നടത്തുമെന്നാണ് വിവരം.

മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമായതിനെ തുടർന്നാണ് പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണമാരംഭിച്ചത്. സീനയുടെ ആത്മഹത്യാകുറിപ്പിൽ തന്റെ മരണത്തിന് കാരണമായി ചിലരെ പരാമർശിച്ചിരുന്നു. ഇതേ തുടർന്നാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണമുയർന്നത്. എന്നാൽ സീന തന്റെ ആത്മഹത്യകുറിപ്പിൽ പറയുന്ന ചിലർ സംസ്ഥാനത്തു നിന്നും മുൻപെ താമസം മാറ്റിയവരാണെന്നു പൊലിസിന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.