തലശേരി: ഒരു ബക്കറ്റ് നിറച്ച് ഫോർമിക് ആസിഡ് ദേഹത്ത് ഒഴിച്ചും കൊടു വാൾകൊണ്ട് വെട്ടിയും അമ്പതുകാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ രണ്ട്പേർക്ക് ജീവപര്യന്തം കഠിന തടവ്. അഡീഷണൽ ജില്ലാ സെഷൻസ് കോടതി (4) ജഡ്ജി ജെ. വിമലാണ് കേസിലെ പ്രതികളായ കൊട്ടിയൂർ മണത്തണയിലെ മാങ്കൂഴി വീട്ടിൽ ജോസ്, സുഹൃത്ത് മണത്തണയിലെ വി.കെ. ശ്രീധരൻ എന്നിവരെ ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചത്. കൊട്ടിയൂർ മണത്തണയിലെ ചേണാൽ ഹൗസ്സിൽ ബിജുവെന്ന അൻപതുവയസുകാരൻ കൊല്ലപ്പെട്ട കേസിലാണ് ഇവർ ശിക്ഷിക്കപ്പെട്ടത്.

2021 ഒക്ടോബർ പത്തിനാണ് കേസിനാസ്പദമായ സംഭവം. ജീപ്പിൽ പോകുകയായിരുന്ന ബിജുവിനെ ജോസും സഹായിയും കേസിലെ രണ്ടാം പ്രതിയുമായ ശ്രീധരനും ചേർന്ന് വഴിയിൽ തടസ്സമുണ്ടാക്കി ജീപ്പ് തടഞ് നിർത്തി ബക്കറ്റിൽ സൂക്ഷിച്ച ആസിഡ് ദേഹത്തൊഴിക്കുകയും വെട്ടിരിക്കേൽപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. കേസിന്റെ വിചാരണ വേളയിൽ 45 സാക്ഷികളെയാണ് വിസ്തരിച്ചത്. 51 രേഖകളും 15 തൊണ്ടി മുതലുകളും ഹാജരാക്കി. ഹൈക്കോടതി ഉത്തരവ് പ്രകാരം പ്രമുഖ അഭിഭാഷകൻ കെ.വിശ്വനെ, സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചിരുന്നു. അഡ്വ.ബിനുമോൻ സൊബാസ്റ്റ്യൻ, അഡ്വ. സ്മിത ലേഖ എന്നിവരുംപ്രതിഭാഗത്തിനു വേണ്ടി അഡ്വ.ടി.സുനിൽ, അഡ്വ. എം.എസ് നിഷാദ് എന്നിവരും ഹാജരായി.

കേസിലെ മുഖ്യ പ്രതിയായ മണത്തണ മങ്കുഴി വീട്ടിൽ ജോസ് റിമാന്റിൽ കഴിഞ്ഞു കൊണ്ടാണ് വിചാരണ പൂർത്തിയാക്കിയത്. ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കാൻ നേരത്തെ ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് വിജു എബ്രഹാം ഉത്തരവിട്ടിരുന്നു. ദേഹമാസകലം പൊള്ളലേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബിജു 2021 നവംബർ 15 ന് മരണമടയുകയായിരുന്നു. ബിജുവിന്റെ മാതാവിന്റെ സ്വത്ത് തട്ടിയെടുക്കാനും വീട്ടിൽ കയറി മർദ്ദിച്ച് കൊലപ്പെടുത്താനും പ്രതി ശ്രമിച്ചിരുന്നുവെന്നും ഇതിനെതിരെ മാതാവ് ലീലാമ്മ കോടതിയെ സമീപിച്ചിരുന്നു. ഈ കാരണങ്ങളാലാണ് ബിജുവിനെ കൊലപ്പെടുത്തിയതെന്നും അന്വഷണത്തിൽ കണ്ടെത്തിയിരുന്നു.

302 ജീവപര്യന്തം ,307 - ഏഴ് വർഷം കഠിന തടവ്, 326 (എ), 10 വർഷം കഠിന തടവ്, 324 ഒരു വർഷം കഠിന തടവ്. 341 ഒരു മാസം കഠിന തടവും വിധിച്ചിട്ടുണ്ട് 18 വർഷം അനുഭവിക്കണം ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. 80,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പിഴ സംഖ്യ മരണപ്പെട്ട ബിജുവിന്റെ അവകാശികൾക്ക് നൽകണം. പിഴ അടച്ചില്ലെങ്കിൽ അധിക തടവ് അനുഭവിക്കണമെന്നാണ് കോടതി വിധിയിൽ പറയുന്നത്.