- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഷ്ടിച്ചു കൊണ്ടുപോയ ബൈക്കിൽ ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്ത് കള്ളന്മാർ; പിഴയടക്കാൻ വാഹനയുടമയ്ക്ക് നോട്ടീസ്
തൊടുപുഴ: മോഷ്ടിച്ചുകൊണ്ടുപോയ സ്‌കൂട്ടറിൽ ഹെൽമെറ്റില്ലാതെ പിൻസീറ്റിലിരുന്ന് യാത്ര ചെയ്ത് യുവാവ്. ട്രാഫിക് നിയമലംഘനം വിവിധ ജില്ലകളിലെ എ.ഐ.ക്യാമറകളിൽ പതിഞ്ഞതോടെ സ്‌കൂട്ടറിന്റെ ഉടമയ്ക്ക് പിഴയടയ്ക്കാൻ നോട്ടീസ്. ഓഗസ്റ്റ് അഞ്ചിനാണ്, സെക്യൂരിറ്റി ജീവനക്കാരനായ കോട്ടയം സ്വദേശി ജോസ് കുരുവിളയുടെ സ്‌കൂട്ടറും മൊബൈൽ ഫോണും വെങ്ങല്ലൂർ ഷാപ്പുംപടിയിലെ വാടകവീട്ടിൽനിന്ന് മോഷണം പോയത്. ജോസ് ജോലിചെയ്യുന്ന സെക്യൂരിറ്റി ഏജൻസിയിലുള്ള പത്തനംതിട്ട പ്രമാടം ഗോകുലത്ത് ശരത്ത് എസ്. നായർ (35), പെരിങ്ങര കിഴക്കേതിൽ കെ.അജീഷ് (37) എന്നിവരാണ് സ്‌കൂട്ടർ മോഷ്ടിച്ചത്.
തൊടുപുഴ പൊലീസ് ഓഗസ്റ്റ് ആറിന് പ്രതികളെ ഓച്ചിറയിൽനിന്ന് പിടികൂടി. സ്‌കൂട്ടറും കണ്ടെടുത്തു. ഇതിനുപിന്നാലെയാണ്, നിയമലംഘനത്തിന് പിഴയടയ്ക്കണമെന്നുകാട്ടി ജോസിന് വിവിധ സ്ഥലങ്ങളിൽ നിന്നും നോട്ടീസുകൾ ലഭിച്ചത്. സ്‌കൂട്ടർ മോഷണംപോയതാണെന്ന് അറിയിച്ചപ്പോൾ, പിഴ ഒഴിവാക്കാൻ അതത് മോട്ടോർവാഹന വകുപ്പ് ഓഫീസുകളിൽ കേസിന്റെ എഫ്.ഐ.ആർ.പകർപ്പ് നൽകാൻ നിർദേശിച്ചിരിക്കുകയാണെന്ന് ജോസ് പറഞ്ഞു. അവധിയെടുത്ത് ഇവിടങ്ങളിലെത്തി എഫ്.ഐ.ആർ. പകർപ്പ് നൽകുന്നതിലും ലാഭകരം പിഴയൊടുക്കുന്നതാണെന്ന് ജോസ് പറഞ്ഞു.
മോഷ്ടാക്കൾ സ്‌കൂട്ടറുമായി ജില്ല വിട്ടിരുന്നു. സ്‌കൂട്ടറിന്റെ പുറകിലിരുന്നയാൾ ഹെൽമെറ്റ് വെക്കാത്തതാണ് എ.ഐ.ക്യാമറയിൽ പതിഞ്ഞത്. എന്നാൽ പിടിയിലായപ്പോഴേക്കും, ഇവർ ഓച്ചിറവരെ എത്തിയിരുന്നു. നിലവിൽ ആലുവ, ആലപ്പുഴ എന്നിവിടങ്ങളിലെ ആർ.ടി.ഓഫീസുകളിൽനിന്ന്, പിഴയടയ്ക്കണമെന്ന് അറിയിച്ച് ജോസിന്റെ ഫോണിലേക്ക് വിളി വന്നിരുന്നു. ചങ്ങനാശ്ശേരി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിൽനിന്ന് കത്തും ലഭിച്ചിട്ടുണ്ട്. എന്നാൽ വാഹനം ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്. കോടതിനടപടികൾ പൂർത്തിയായാലേ വാഹനവും ഫോണും തിരിച്ചുകിട്ടൂ.



