പുത്തൻചിറ: പോർച്ചിൽ ചാർജിലിട്ടിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിനു തീപടർന്നതിനെ തുടർന്ന് സമീപത്ത് കിടന്ന വാഹനങ്ങളും വീടും കത്തിനശിച്ചു. കണ്ണായി മൂലയിൽ അമ്പൂക്കൻ സെബാസ്റ്റ്യന്റെ വീട്ടിൽ ചൊവ്വാഴ്ച രാത്രി പന്ത്രണ്ടോടെയാണ് സംഭവം. ഇലക്ട്രിക് സ്‌കൂട്ടറും സമീപത്ത് കിടന്ന കാറും പൂർണമായും കത്തിനശിച്ചു. സമീപത്തുണ്ടായിരുന്ന ബുള്ളറ്റിന്റെ സീറ്റും മറ്റു ഭാഗങ്ങളും ഭാഗികമായി കത്തിയിട്ടുണ്ട്. പോർച്ചിനോട് ചേർന്നുള്ള ജനൽ ചില്ലുകൾ അപ്പാടെ തകർന്നു.

ജനൽപ്പാളികളും പൂർണമായും കത്തിയിട്ടുണ്ട്. കൂടാതെ വീടിന്റെ പ്ലാസ്റ്ററിങ് അടർന്നു വീണിട്ടുണ്ട്. വീടിന് അകത്തേക്ക് തീ പടരാതിരുന്നതും ദുരന്തത്തിന്റെ കാഠിന്യം കുറച്ചു.വെളിച്ചവും പുകയും കണ്ടാണ് വീട്ടുകാർ ഉണർന്നത്. 3 കുട്ടികളടക്കം 6 പേരാണ് സമയം വീട്ടിലുണ്ടായിരുന്നു. ഇവർ ഉടൻ തന്നെ പുറത്ത് ഇറങ്ങിയതിനാൽ വലിയ ദുരന്തം ഒഴിവായി.

വിവരമറിഞ്ഞ് മാളയിൽ നിന്ന് അഗ്‌നിരക്ഷാ സേനയെത്തി സമീപവാസികളുടെ സഹായത്തോടെ തീയണച്ചു. തീ പടർന്നതിനെ തുടർന്ന് വലിയ രീതിയിൽ പ്രദേശത്ത് പുകയുയർന്നു.ഏകദേശം 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ എ.സാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീയണക്കാൻ എത്തിയത്. മാള പൊലീസും സ്ഥലത്തെത്തി.