- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഴയില്ലാത്തതിനാൽ കേരള തീരത്ത് ഇത്തവണ ചാകരയില്ല; മത്സ്യത്തൊഴിലാളികൾക്ക് നിരാശ
ചാവക്കാട്: മത്സ്യ മേഖലയേയും ബാധിച്ച് മഴക്കുറവ്. മഴയുടെ അളവിലുണ്ടായ വലിയ കുറവ് മൂലം ഇത്തവണ കേരള തീരത്ത് ചാകരയും ഉണ്ടായില്ല. കാലവർഷസമയത്ത് കാണപ്പെടുന്ന ചാകര എന്ന പ്രതിഭാസം ഇത്തവണ ഇതുവരെയും ഉണ്ടായില്ല. വൻതോതിൽ മീൻ ലഭിക്കുന്നതിനാൽ ചാകര മീൻപിടിത്തക്കാർക്ക് സാമ്പത്തികമായും 'ചാകര' ആകുകയാണ് പതിവ്. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ശക്തമായ മഴയ്ക്കു ശേഷമാണ് കേരളതീരത്ത് ചാകര ഉണ്ടാകാറുള്ളത്.
ശക്തമായ മഴയിൽ കിഴക്കൻ മേഖലയിൽനിന്ന് ചെളിയും മണ്ണും കലർന്ന മഴവെള്ളം കടലിലേക്ക് കുത്തിയൊലിച്ചെത്തും. ഇത് തീരത്തോടുചേർന്ന് ഏതാനും കിലോമീറ്റർ ചുറ്റളവിൽ കടൽവെള്ളം തിരയില്ലാതെ അടിത്തട്ടു മുതൽ കലങ്ങിക്കിടക്കുന്ന സ്ഥിതിയാക്കും. ആഴ്ചകളോ മാസത്തിലേറെയോ അവസ്ഥ നീണ്ടുനിൽക്കും. ശാന്തമായിക്കിടക്കുന്ന ഈ പ്രദേശത്തേക്ക് മീനുകൾ കൂട്ടമായെത്തുന്നതോടെയാണ് ചാകര യാഥാർഥ്യമാകുന്നത്. ചാകരയില്ലാത്ത ഭാഗങ്ങളിലൊക്കെ ഇതേസമയം കടൽ വളരെ രൂക്ഷമായിരിക്കുകയും ചെയ്യും.
കാലവർഷത്തിന്റെ തുടക്കത്തിൽ ചാകരയിൽ ചെമ്മീനാണ് പ്രധാനമായും ലഭിക്കുക. പിന്നീട് മത്തിയും അയലയും മാന്തളുമൊക്കെ കിട്ടും. ഇത്തവണ നിരോധനകാലത്തും നിരോധനം കഴിഞ്ഞിട്ടും ഇതുവരെ ചാകരയുണ്ടായിട്ടില്ല. മഴക്കുറവുതന്നെയാണ് ഇത്തവണ കേരളതീരത്ത് ചാകര ഉണ്ടാകാതിരിക്കാനുള്ള കാരണമെന്ന് ഗോവയിലെ സെൻട്രൽ കോസ്റ്റൽ അഗ്രിക്കൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഫിഷറീസ് വിഭാഗം സീനിയർ സയന്റിസ്റ്റ് ഡോ. ജി.ബി. ശ്രീകാന്ത് പറഞ്ഞു.



