കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ ഡോക്ടർമാരെയും നഴ്സുമാരെയും കേസിൽ പ്രതികളാക്കും. ഹർഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ ചെയ്ത രണ്ട് ഡോക്ടർമാരേയും രണ്ട് നഴ്സുമാരേയുമാണ് പ്രതികളാക്കുന്നത്.

ആശുപത്രി സൂപ്രണ്ട് ഉൾപ്പെടെയുള്ളവരെ കേസിൽ നിന്ന് ഒഴിവാക്കും. ഇതിനായി അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകും. ജില്ലാ മെഡിക്കൽ ബോർഡ് തീരുമാനത്തിനെതിരേ അപ്പീൽ നൽകേണ്ടെന്നും കോഴിക്കോട് സിറ്റി പൊലീസ് തീരുമാനിച്ചു.

2017 നവംബർ 30ന് കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പ്രസവശസ്ത്ര ക്രിയയെ തുടർന്നാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. എന്നാൽ ഈ ശസ്ത്രക്രിയയെ തുടർന്നാണിതെന്ന് പറയാൻ കഴിയില്ലെന്നും അതിനുള്ള തെളിവുകൾ ഇല്ലെന്നുമായിരുന്നു ജില്ലാ മെഡിക്കൽ ബോർഡിന്റെ നിലപാട്.