- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയന്ത്രണം വിട്ട ജീപ്പ് 25 അടി താഴ്ചയിലേക്ക് മറിഞ്ഞു; താഴെയുള്ള കെട്ടിടത്തിന് മുകളിൽ തങ്ങി നിന്നതിനാൽ വൻ അപകടം ഒഴിവായി: ജീപ്പിലുണ്ടായിരുന്ന മൂന്ന് കന്യാസ്ത്രീകൾ പരിക്കുകളോടെ രക്ഷപ്പെട്ടു
കോട്ടയം: നിയന്ത്രണം വിട്ട ജീപ്പ് 25 അടി താഴ്ചയിലേക്ക് മറിഞ്ഞു. താഴെയുള്ള ശുചിമുറി കെട്ടിടത്തിൽ ജീപ്പ് തങ്ങി നിന്നതിനാൽ വൻ അപകടം ഒഴിവായി. ജീപ്പിലുണ്ടായിരുന്ന മൂന്നു കന്യാസ്ത്രീകളും അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ പത്തുമണിയോടെ ആർപ്പൂക്കര വില്ലൂന്നിയിലാണ് സംഭവം. നിയന്ത്രണം വിട്ട ജീപ്പ് വില്ലൂന്നി സിഎംസി കോൺവന്റിലെ മതിൽ ഇടിച്ചു തകർത്തശേഷം താഴ്ചയിലേക്ക് മറിയുകയായിരുന്നു.
മാങ്ങാനം സിഎംസി കോൺവന്റിൽ നിന്നു വില്ലൂന്നി കോൺവന്റിലേക്ക് വന്ന ജീപ്പാണ് അപകടത്തിൽപെട്ടത്. ജീപ്പിലുണ്ടായിരുന്ന മൂന്ന് കന്യാസ്ത്രീകളും പരിക്കുകളോടെ രക്ഷപ്പെട്ടു. പരുക്കേറ്റ മാങ്ങാനം സിഎംസി കോൺവന്റിലെ മദർ സിസ്റ്റർ ജോയൽ (65), ജീപ്പ് ഓടിച്ചിരുന്ന സിസ്റ്റർ ലിസ്റ്റോം (49), വില്ലൂന്നി സിഎംസി കോൺവന്റിലെ സിസ്റ്റർ സാരുപ്രിയ (35) എന്നിവരെ മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരുക്കേറ്റ സിസ്റ്റർ ജോയലിനെ പിന്നീട് ചെത്തിപ്പുഴ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.
സെന്റ് ഫിലോമിന ജിഎച്ച്എസ്എസിന്റെ ശുചിമുറിയുടെ മുകളിലേക്കാണ് ജീപ്പ് മറിഞ്ഞത്. മേൽക്കൂരയിൽ തങ്ങിനിന്ന വാഹനത്തിനുള്ളിൽ കന്യാസ്ത്രീകൾ ഏറെ നേരം കുടുങ്ങി. അഗ്‌നിരക്ഷാ സേന കയർ ഉപയോഗിച്ച് സമീപത്തെ മരത്തിൽ ബന്ധിച്ച ശേഷം ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ജീപ്പിന്റെ വാതിൽ മുറിച്ചുമാറ്റിയാണ് ഇവരെ പുറത്തെത്തിച്ചത്. സ്റ്റേഷൻ ഓഫിസർ വിഷ്ണു മധു, അസി. സ്റ്റേഷൻ ഓഫിസർ ശിവകുമാർ എന്നിവർ നേതൃത്വം നൽകി.
വില്ലൂന്നി സെന്റ് സേവ്യേഴ്‌സ് പള്ളി വികാരി ഫാ.ജേക്കബ് അഞ്ചുപങ്കിൽ, ട്രസ്റ്റിമാരായ സണ്ണി മുരിയങ്കരി, ബാബു കാട്ടൂപ്പാറ എന്നിവർക്കൊപ്പം നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. പൊലീസും സ്ഥലത്ത് എത്തിയിരുന്നു. ജീപ്പ് പിന്നീട് ക്രെയിൻ ഉപയോഗിച്ചാണു താഴെ എത്തിച്ചത്.



