തൊടുപുഴയിലെ സ്വകാര്യ കോളേജ് ഗ്രൗണ്ടിൽ ആഡംബര കാർ വട്ടത്തിൽ കറക്കി അഭ്യാസ പ്രകടനം നടത്തിയ വിദ്യാർത്ഥിയുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്‌പെൻഡ് ചെയ്തു. കോളേജ് അധികൃതരുടെ പരാതിയിലാണ് നടപടി. വാഹനം കസ്റ്റഡിയിലെടുത്ത മോട്ടോർ വാഹന വകുപ്പ് 2000 രൂപ പിഴയീടാക്കുകയും ചെയ്തു.

അതേ കോളേജിൽതന്നെ പഠിക്കുന്ന തൊടുപുഴ സ്വദേശിയായ യുവാവിന്റെ ലൈസൻസാണ് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. പി.എ.നസീർ സസ്‌പെൻഡുചെയ്തത്.
വിദ്യാർത്ഥി അഭ്യാസപ്രകടനം നടത്തുന്നതിന്റെ സി.സി.ടി.വി.ദൃശ്യം കോളേജ് അധികൃതർ മോട്ടോർവാഹന വകുപ്പിന് കൈമാറിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ എം വിഐ. ഭരത് ചന്ദ്രൻ കോളേജിലെത്തി അന്വേഷണം നടത്തി എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ.യ്ക്ക് റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഓണക്കാലത്ത് ആഘോഷങ്ങളും മറ്റും ഉള്ളതിനാൽ രക്ഷാകർത്താക്കളും കോളേജ് അധികൃതരും വിദ്യാർത്ഥികൾ വാഹനം ഉപയോഗിച്ചുള്ള അഭ്യാസപ്രകടനങ്ങൾ നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതാണെന്ന് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം നിർദേശിച്ചു.

സമാനരീതിയിലുള്ള അഭ്യാസപ്രകടനങ്ങൾ, നിയമലംഘനങ്ങൾ, അനധികൃത രൂപമാറ്റങ്ങൾ, നമ്പർപ്ലേറ്റിൽ കൃത്രിമം കാണിക്കൽ, നമ്പർ പ്ലേറ്റ് വ്യക്തമായ രീതിയിൽ പ്രദർശിപ്പിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. പറഞ്ഞു.