തൃശൂർ: കണിമംഗലം പാടത്ത് സ്വകാര്യ ബസ് മറിഞ്ഞ് അപകടം. 40ഓളം പേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ മൂന്ന് ആശുപത്രികളിലേക്ക് മാറ്റി. ഒരു സ്ത്രീയുടെ നില ഗുരുതരമാണെന്നാണ് വിവരം. മറ്റാരുടെയും പരിക്ക് സാരമുള്ളതല്ല. തൃപ്രയാറിൽ നിന്ന് തൃശൂരിലേക്ക് വരികയായിരുന്ന ക്രൈസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്. റോഡ് പണി പൂർത്തിയാകാത്തതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ പറഞ്ഞു.

റോഡിന്റെ ഒരു ഭാഗത്ത് മാത്രമാണ് കോൺക്രീറ്റ് ചെയ്തിരുന്നത്. ഇതാണ് ബസ് താഴ്ചയിലേക്ക് മറിയാൻ കാരണമായതെന്നും യാത്രക്കാർ പറഞ്ഞു. 50ൽ അധികം പേരാണ് ബസിൽ ഉണ്ടായിരുന്നത്. ഇതിൽ അധികവും സ്‌കൂൾ, കോളജ് വിദ്യാർത്ഥികളായിരുന്നു. മന്ത്രി കെ.രാജൻ അടക്കമുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റവർക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു.