പാലക്കാട്: അട്ടപ്പാടി മേഖലയിലെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യാസ വകുപ്പിന്റേയും സമഗ്ര ശിക്ഷാ കേരളയുടെയും ആഭിമുഖ്യത്തിൽ അട്ടപ്പാടിയിൽ നടപ്പാക്കുന്ന 'പഠിപ്പുരുസി' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ നിർവഹിച്ചു. കുട്ടികൾക്ക് രസകരമായി പാഠ്യാനുഭവങ്ങൾ നേടുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ പഠിപ്പുരസി പദ്ധതിയെ വേറിട്ടതാക്കുന്നതായും ജില്ലാ പഞ്ചായത്തിന്റെ സമ്പൂർണ പിന്തുണ പദ്ധതി വിജയത്തിനായി വാഗ്ദാനം ചെയ്യുന്നതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. മലയാള പാഠപുസ്തകങ്ങളിലെ പല ഭാഗങ്ങളും തുടർ പ്രവർത്തനങ്ങളും കുറുംബ ഭാഷയിലേക്ക് മാറ്റി വിദ്യാർത്ഥികളെ പഠനത്തിലേക്ക് അടുപ്പിക്കുന്നു. അതുവഴി പഠനത്തിലുള്ള വിദ്യാർത്ഥികളുടെ പിന്തിരിയൽ ഒഴിവാക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ജില്ലയിൽ ആദ്യമായാണ് ഗോത്രമേഖലയിൽ ഇത്തരത്തിലുള്ള പദ്ധതി നടപ്പാക്കുന്നത്.

ആദ്യഘട്ടത്തിൽ അട്ടപ്പാടിയിലെ കുറുംബ വിഭാഗത്തിലെ ആനവായ് ഗവ. ട്രൈബൽ എൽ.പി, ഗോട്ടിയാർഗണ്ടി സ്‌കൂളുകളിലെ മൂന്ന്, നാല് ക്ലാസുകളിലെ വിദ്യാർത്ഥികളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഗോത്രഭാഷയിലൂടെ വിദ്യാർത്ഥികൾക്ക് പഠനം കൂടുതൽ എളുപ്പമാക്കുകയാണ് ലക്ഷ്യം. കുറുംബ ഗോത്രഭാഷയിലൂടെ മലയാള ഭാഷയിലേക്കടുപ്പിക്കുന്ന പ്രത്യേക പാഠ്യരീതിയാണ് പദ്ധതിയിൽ അവലംബിക്കുന്നത്. കുറുംബ ഭാഷയെയും മലയാളത്തെയും സൂക്ഷ്മ തലത്തിൽ അടുപ്പിക്കുന്ന പ്രത്യേക മൊഡ്യൂൾ വഴി അദ്ധ്യാപനം നടത്തുന്നു എന്നതാണ് പദ്ധതിയുടെ പ്രത്യേകത. പഠിതാവിന്റെ സാമൂഹിക അന്തരീക്ഷം മെച്ചപ്പെടുത്തുക വഴി വിദ്യാഭ്യാസ പുരോഗതി ഉറപ്പാക്കാനും പദ്ധതി പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു. പദ്ധതിക്കാവശ്യമായ മുഴുവൻ പഠനോപകരണങ്ങളും കുറുമ്പ സർവീസ് സഹകരണ സംഘം ആനവായ് ഗവ ട്രൈബൽ എൽ.പി. സ്‌കൂളിന് കൈമാറി.

ആനവായ് ഗവ ട്രൈബൽ എൽ.പി. സ്‌കൂളിൽ നടന്ന പരിപാടിയിൽ അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണൻ അധ്യക്ഷയായി. ജില്ലാ പ്രൊജക്ട് കോ-ഓർഡിനേറ്റർ കെ. ജയപ്രകാശ്, ജില്ലാ പ്രൊജക്ട് ഓഫീസർ ഡോ. വി.പി. ഷാജുദ്ദീൻ, അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ എൻ. ഗണേശൻ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി. അബൂബക്കർ, അഗളി ബ്ലോക്ക് പ്രൊജക്ട് കോർഡിനേറ്റർ കെ.ടി. ഭക്തഗിരീഷ്, പുതൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ എൻ. വത്സല കുമാരി, കുറുമ്പ സർവീസ് സഹകരണ സംഘം പ്രസിഡന്റ് കെ.എസ്. മുരുകൻ, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ പി.ജി. ബാലമുരളി, പഞ്ചായത്തംഗം സെന്തിൽ കുമാർ, പ്രധാനധ്യാപകൻ പി.പി. പ്രകാശൻ എന്നിവർ പങ്കെടുത്തു.