പത്തനംതിട്ട: എറണാകുളം വേളാങ്കണ്ണി, കൊല്ലം തിരുപ്പതി ദ്വൈവാര ട്രെയിനുകൾക്ക് റെയിൽവേ ബോർഡിന്റെ അംഗീകാരം. പാലക്കാട് - തിരുനെൽവേലി പാലരുവി എക്സ്‌പ്രസ് തുത്തൂക്കുടിയിലേക്കു നീട്ടാനും ഉത്തരവായി. എറണാകുളത്തു നിന്നു തിങ്കൾ, ശനി ദിവസങ്ങളിലാണു വേളാങ്കണ്ണി സർവീസ്. ഏതാനും വർഷങ്ങളായി സ്‌പെഷലായി ഈ ട്രെയിൻ ഓടിക്കുന്നുണ്ട്. ഉച്ചയ്ക്കു 12.35ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ 5.50ന് വേളാങ്കണ്ണിയിൽ എത്തും.

മടക്ക ട്രെയിൻ ചൊവ്വ, ഞായർ ദിവസങ്ങളിൽ വൈകിട്ട് 6.30ന് വേളാങ്കണ്ണിയിൽനിന്നു പുറപ്പെട്ടു പിറ്റേദിവസം ഉച്ചയ്ക്കു 12ന് എറണാകുളത്ത് എത്തും. കോട്ടയം, കൊല്ലം, പുനലൂർ, ചെങ്കോട്ട വഴിയാണു സർവീസ്.

തിരുപ്പതി - കൊല്ലം ബൈവീക്ക്ലി ചൊവ്വ, വെള്ളി ദിവസങ്ങളിലും മടക്ക ട്രെയിൻ ബുധൻ, ശനി ദിവസങ്ങളിലും സർവീസ് നടത്തും. തിരുപ്പതിയിൽ നിന്നു ഉച്ചയ്ക്കു 2.40ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 6.20ന് കൊല്ലത്ത് എത്തും. കോട്ടയം, തൃശൂർ, പാലക്കാട്, സേലം വഴിയാണു സർവീസ്. മടക്കട്രെയിൻ കൊല്ലത്ത് നിന്നു രാവിലെ 10ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 3.20ന് തിരുപ്പതിയിലെത്തും. 2 ട്രെയിനുകളും സർവീസ് ആരംഭിക്കുന്ന തീയതി റെയിൽവേ വൈകാതെ പ്രഖ്യാപിക്കും.

അതേ സമയം ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് (16307) ട്രെയിനിന്റെ സമയം ഞായറാഴ്ച (ഓഗസ്റ്റ് 20) മുതൽ മാറും. ഇപ്പോൾ ഉച്ചയ്ക്ക് ശേഷം 2.50 ഓടെ ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന ഈ ട്രെയിൻ 20 മുതൽ 3.50നാകും പുറപ്പെടുക. എറണാകുളം ജങ്ഷനിൽ ഇത് 5.20 ഓടെയാകും എത്തി ചേരുക. ഷൊർണ്ണൂരിൽ 7.47നും എത്തിച്ചേരും.

ഓണക്കാലത്ത് നാഗർകോവിലിൽ നിന്ന് കോട്ടയം, കൊങ്കൺ വഴി പനവേലിലേക്ക് പ്രത്യേക തീവണ്ടി സർവീസ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. നാഗർകോവിലിൽ നിന്ന് 22, 29, സെപ്റ്റംബർ 5 തീയതികളിൽ പകൽ 11.35-ന് പുറപ്പെടുന്ന തീവണ്ടി (നമ്പർ 06071) പിറ്റേന്ന് രാത്രി 10.45-ന് പനവേലിലെത്തും. പനവേലിൽ നിന്ന് 24, 31, സെപ്റ്റംബർ 7 തീയതികളിൽ പുലർച്ചെ 12.10-ന് മടക്കയാത്ര ആരംഭിക്കുന്ന തീവണ്ടി (06072) പിറ്റേന്ന് രാവിലെ 10-ന് തിരുവനന്തപുരത്തെത്തും. ഈ വണ്ടികളിൽ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.