- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവശ്യസാധനങ്ങളുടെ രൂക്ഷ വിലക്കയറ്റം; ഓണക്കാലത്ത് സാധാരണജനങ്ങളെ പട്ടിണിക്കിട്ടു കൊല്ലാൻ ശ്രമിക്കുന്നു; ഇടത് സർക്കാരിനെതിരെ വിമർശനവുമായി എം ടി. രമേശ്
കോഴിക്കോട്: മുഖ്യമന്ത്രിയും സിപിഎം നേതാക്കളും മാസപ്പടിയും മറ്റുമായി സുഖമായി ജീവിക്കുമ്പോൾ സർക്കാർ ഈ ഓണക്കാലത്ത് സാധാരണ ജനങ്ങളെ പട്ടിണിക്കിട്ടു കൊല്ലാനാണ് ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജന.സെക്രട്ടറി എം ടി.രമേശ്. ഓണക്കാലത്ത് 2000 കോടി കടമെടുക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കൂടുതൽ കൂടുതൽ പണം കടം വാങ്ങുകയല്ലാതെ സർക്കാർ എന്താണു ചെയ്യുന്നതെന്നും എം ടി രമേശ് ചോദിച്ചു. ഓണക്കാലത്ത് അവശ്യസാധനങ്ങളുടെ രൂക്ഷ വിലക്കയറ്റത്തിനും സപ്ലൈകോ സ്തംഭനത്തിനുമെതിരെ ബിജെപി ജില്ലാക്കമ്മിറ്റി മുതലക്കുളത്തെ കൺസ്യൂമർ ഫെഡ് ആസ്ഥാനത്തിനു മുന്നിൽ നടത്തിയ 'പട്ടിണിക്കഞ്ഞി' സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സപ്ലൈകോ സ്റ്റോറുകളിൽ എല്ലാ സാധനങ്ങളും സുലഭമാണെന്ന് ഭക്ഷ്യമന്ത്രി നിയമസഭയിൽ പച്ചക്കള്ളം പറഞ്ഞു. ഭക്ഷ്യമന്ത്രി സ്വന്തം മണ്ഡലത്തിലെ സപ്ലൈക്കോയുടെ മുന്നിലെത്തിയപ്പോൾ തടിച്ചുകൂടിയ ആൾക്കൂട്ടത്തെയാണു കണ്ടത്. സപ്ലൈക്കോ തുറക്കാൻ ജീവനക്കാർ എത്താറില്ലെന്ന് ജനങ്ങൾ പരാതി പറഞ്ഞു. സപ്ലൈക്കോ തുറന്നാലും സാധനങ്ങളില്ലാത്തതിനാൽ ഒരു കാര്യവുമില്ലെന്ന് ജീവനക്കാർ കരുതിക്കാണും. ഈ സംഭവത്തിൽ എന്ത് ഉത്തരമാണ് ജനങ്ങളോട് മന്ത്രിക്കു പറയാനുള്ളതെന്നും രമേശ് ചോദിച്ചു
.ധനവകുപ്പ് പണം തരാത്തതിനാലാണ് സാധനങ്ങൾ വാങ്ങാത്തതെങ്കിൽ അക്കാര്യം ജനങ്ങളോട് തുറന്നുപറയാൻ മന്ത്രി തയാറാവണം. ധനവകുപ്പും ഭക്ഷ്യവകുപ്പും തമ്മിലുള്ള ചക്കളത്തിപ്പോരാട്ടത്തിന് സാധാരണജനങ്ങളെ ഇരകളാക്കരുത്. സപ്ലൈക്കോയിൽ ഉണ്ടെന്ന് നിയമസഭയിൽ അവകാശപ്പെട്ട 13 ഇനം സാധനങ്ങളെങ്കിലും ഈ ഓണക്കാലത്ത് ലഭ്യമാണെന്ന് ഉറപ്പാക്കാൻ കഴിയാത്ത മന്ത്രി രാജിവച്ച് ജനങ്ങളോട് മാപ്പുപറയണമെന്നും എം ടി.രമേശ് പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ അധ്യക്ഷനായിരുന്നു.




