- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈക്കിലെ കൈവിട്ട അഭ്യാസം; യുവാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും
അങ്കമാലി: ദേശീയപാതയിൽ കിലോമീറ്ററുകളോളം ദൂരം അപകടകരമാംവിധം ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയ യുവാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും. ഇരിങ്ങാലക്കുട തെക്കുംകര വെഞ്ഞാനപ്പിള്ളി വീട്ടിൽ വി എം. ഷാഹുലാണ് അഭ്യാസപ്രകടനം നടത്തി ബൈക്കോടിച്ചതെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിനു മുന്നോടിയായി ഷാഹുലിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. വെള്ളിയാഴ്ച ഇരിങ്ങാലക്കുട ജോയിന്റ് ആർ.ടി. ഓഫീസിൽ വിളിച്ചുവരുത്തിയാണ് നോട്ടീസ് നൽകിയത്.
വ്യാഴാഴ്ചയാണ് ഷാഹുൽ ബൈക്കിൽ അഭ്യാസ പ്രകടനം നടത്തി ജനങ്ങളെ ഭയാശങ്കയിലാക്കിയത്. അങ്കമാലി കറുകുറ്റി ഭാഗത്തായിരുന്നു നടുറോഡിലൂടെയുള്ള ഷാഹുലിന്റെ അഭ്യാസപ്രകടനം. കൈ രണ്ടും വിട്ട് വിവിധ ആംഗ്യങ്ങളും അഭ്യാസങ്ങളും കാട്ടി അപകടകരമായ രീതിയിൽ അമിത വേഗത്തിൽ പാഞ്ഞ ബൈക്ക് മറ്റ് റോഡുയാത്രക്കാരെ ഭയപ്പെടുത്തി. ഇതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് ഷാഹുലിനെതിരെ മോട്ടോർ വാഹന വകുപ്പ് രംഗത്തെത്തിയത്.
വീഡിയോയിൽ കണ്ട വാഹനത്തിന്റെ നമ്പറിൽ നിന്നും ഷാഹുലിനെ തിരിച്ചറിഞ്ഞ മോട്ടോർ വാഹന വകുപ്പും അങ്കമാലി പൊലീസും കേസെടുത്തു. പിന്നാലെ കാരണം കാണിക്കൽ നോട്ടീസും നൽകി. ഇതിനുള്ള ഷാഹുലിന്റെ മറുപടി സ്വീകാര്യമല്ലെങ്കിൽ മൂന്നു മാസത്തേക്കെങ്കിലും ലൈസൻസ് സസ്പെൻഡ് ചെയ്യും. അതോടൊപ്പം എടപ്പാളിൽ മോട്ടോർ വാഹന വകുപ്പിന്റെ ഡ്രൈവേഴ്സ് ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ക്ലാസിൽ പങ്കെടുക്കാനും നോട്ടീസ് നൽകും.
വാഹനവുമായി അങ്കമാലി സ്റ്റേഷനിൽ ഹാജരാകാൻ അങ്കമാലി പൊലീസും ഷാഹുലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഖത്തറിലായിരുന്ന ഷാഹുൽ ഇപ്പോൾ നാട്ടിൽ ബിസിനസ് നടത്തുകയാണ്. ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയതല്ലെന്നും വീട്ടിൽനിന്നു വഴക്കിട്ട് ബൈക്കുമായി പോന്നതാണെന്നുമാണ് ഷാഹുൽ മൊഴി നൽകിയിരിക്കുന്നത്.
ബുധനാഴ്ച യാണ് കറുകുറ്റി മുതൽ അങ്കമാലി വരെ മൂന്ന് കിലോമീറ്ററോളം ദൂരം നൃത്ത രൂപത്തിൽ ഒച്ച വെച്ച് ഭാരവാഹനങ്ങളുടെ അടക്കം അരികിലൂടെ ' കൈവിട്ടും, കാലുകൾ ഉയർത്തിയും, കിടന്നും, താളം പിടിച്ചും സാഹസികമായി ബൈക്കോടിച്ചത്. പല സന്ദർഭങ്ങളിൽ തലനാരിഴക്കാണ് അപകടമൊഴിവായത്. പിന്നിൽ വന്ന കാറിലെ ഡാഷ് ക്യാമറയിൽ പതിഞ്ഞ ദൃശ്യം ചാനലുകൾക്ക് നൽകിയതോടെയാണ് സംഭവം പുറത്തായത്. അതോടെ സംഭവം അന്വേഷിച്ച അങ്കമാലി പൊലീസ് ഇരിങ്ങാലക്കുട സ്വദേശിയുടെ സ്‌കൂട്ടറാണെന്ന് കണ്ടെത്തുകയായിരുന്നു.



