സിംഗപ്പൂർ: സെപ്റ്റംബർ ഒന്നിന് നടക്കുന്ന സിംഗപ്പൂർ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇന്ത്യൻ വംശജനും. തർമാൻ ഷൺമുഖരത്‌നമാണ് യോഗ്യത നേടിയത്. 66കാരനായ തർമാൻ ഷൺമുഖരത്‌നം വിദ്യാഭ്യാസ, ധനകാര്യ മന്ത്രിയായും 2011 മുതൽ 2019 വരെ ഉപപ്രധാനമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തർമാൻ ഷൺമുഖരത്‌നത്തിന് പുറമേ രണ്ട് ചൈനീസ് വംശജരും യോഗ്യത നേടി. സർക്കാറുമായി ബന്ധമുള്ള രണ്ട് കമ്പനികളുടെ മുൻ എക്‌സിക്യൂട്ടിവുകളാണ് ചൈനീസ് വംശജരായ രണ്ടുപേർ.

ചീഫ് ഇൻവെസ്റ്റ്‌മെന്റ് ഓഫിസർ നംഗ് കോക് സോംഗ്, എൻടിയുസി ഇൻകം ചീഫ് എക്‌സിക്യൂട്ടിവ് ടാൻ കിൻ ലിയാൻ എന്നിവരാണ് മത്സരരംഗത്തുള്ള ചൈനീസ് വംശജർ. അവസാന ദിവസമായ വ്യാഴാഴ്ച വരെ സ്ഥാനാർത്ഥിത്വത്തിനായി ആറ് അപേക്ഷകളാണ് പ്രസിഡൻഷ്യൽ ഇലക്ഷൻ കമ്മിറ്റിക്ക് ലഭിച്ചത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒന്നിലധികം പേർ യോഗ്യത നേടുകയാണെങ്കിൽ സെപ്റ്റംബർ ഒന്നിന് തെരഞ്ഞെടുപ്പ് നടത്തുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. നിലവിലെ പ്രസിഡന്റ് ഹലീമ യാക്കൂബിന്റെ ആറുവർഷ കാലാവധി സെപ്റ്റംബർ 13ന് അവസാനിക്കും.