കോഴിക്കോട്: വടകര കുഞ്ഞിപ്പള്ളിയിൽ കെ.എസ്.ആർ.ടി.സി. ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ എട്ടരയോടെ ദേശീയ പാതയിലായിരുന്നു അപകടം. എതിർദിശയിലായി വന്ന ബസുകൾ കൂട്ടിയിടിക്കുകയായിരുന്നു.

പരിക്കേറ്റവരെ വടകരയിലും മാഹിയിലുമായി ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കെ.എസ്.ആർ.ടി.സി. ബസ് ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. ഇടിയുടെ ആഘാതത്തിൽ ഡ്രൈവർ സ്റ്റിയറിങിനുള്ളിൽ കുടുങ്ങിപ്പോയി. പിന്നീട് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

തൃശ്ശൂരിൽ നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസും തലശ്ശേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസുമാണ് നേർക്കുനേർ ഇടിച്ചത്. വടകരയിൽ നിന്നുള്ള അഗ്‌നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.