ഇടുക്കി: മൂന്നാറിലെ ജനവാസ മേഖലയിൽ വളർത്തു മൃഗങ്ങൾക്ക് നേരെ വീണ്ടും വന്യജീവിയാക്രമണം. മൂന്നാർ കന്നിമല ലോവർ ഡിവിഷനിൽ കടുവയുടെ ആക്രമണത്തിൽ കറുവ പശുക്കൾ ചത്തു. പ്രദേശവാസിയായ അയ്യാദുരൈയുടെ രണ്ട് കന്നുകാലികളാണ് ചത്തത്. കഴിഞ്ഞ നാല് വർഷത്തിനിടയിൽ ഇവിടെ മുപ്പതിലധികം പശുക്കളെ വന്യജീവികൾ കൊലപ്പെടുത്തിയതായാണ് പ്രദേശവാസികൾ പറയുന്നത്.

കഴിഞ്ഞ ദിവസം മേയാൻ വിട്ട പശുക്കൾ തിരികെയെത്താതെ വന്നതോടെ നടത്തിയ തെരച്ചിലിലാണ് ലയത്തിന് സമീപമായി തേയില തോട്ടത്തിൽ പശുക്കളുടെ ജഡം കണ്ടെത്തിയത്. അയ്യാദുരൈക്കുണ്ടായിരുന്നത് രണ്ട് പശുക്കളും രണ്ട് പശു കിടാക്കൾ മാത്രമാണ്. ഇതിൽ രണ്ട് പശുക്കളെയാണ് നഷ്ടമായത്. സംഭവത്തെ തുടർന്ന് പശുക്കളുടെ ജഡം കിടന്നിരുന്നതിന് സമീപം വനംവകുപ്പ് നിരീക്ഷണ ക്യാമറ സ്ഥാപിച്ചിരുന്നു.

ജഡം നീക്കം ചെയ്യാതിരുന്നതിനാൽ ശേഷിച്ച ഭാഗം വീണ്ടും ഭക്ഷിക്കാനെത്തിയ കടുവയുടെ ദൃശ്യം ക്യാമറയിൽ പതിഞ്ഞതായാണ് സൂചന. രണ്ട് പശുക്കളെ നഷ്ടമായതോടെ അയ്യാദുരൈക്കുണ്ടായിട്ടുള്ളത് വലിയ നഷ്ടമാണ്. ഉപജീവനമാർഗ്ഗങ്ങളിലൊന്നായ കന്നുകാലികൾ വന്യജീവിയാക്രമണത്തിൽ നഷ്ടമാകുമ്പോൾ തൊഴിലാളികളുടെ മുമ്പോട്ടുള്ള ജീവിതവും വഴിമുട്ടുകയാണെന്ന പരാതി വ്യാപകമാണ്.

വനം വകുപ്പ് കടുവയെ പിടികൂടാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് തൊഴിലാളികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് വയനാട് പനവല്ലിയിൽ പശുക്കിടാവിനെ വന്യമൃഗം പിടിച്ചത്. നാട്ടുകാരനായ സന്തോഷിന്റെ വീട്ടിലെ തൊഴുത്തിൽ കയറിയാണ് കിടാവിനെ കൊന്നത്.