കോഴിക്കോട്: സാധാരണ ടിക്കറ്റെടുത്ത് റിസർവേഷൻ കോച്ചിൽ കയറിയ യാത്രക്കാരനോട് ജനറൽ കമ്പാർട്ടുമെന്റിൽ കയറാൻ നിർദേശിച്ചതിന് വനിതാ ടി.ടി.ഇ.യ്ക്ക് നേരേ ആക്രമണം. പാലക്കാട് സ്വദേശിയായ രജിതയ്ക്ക് നേരേയാണ് ആക്രമണമുണ്ടായത്. മംഗളൂരു-ചെന്നൈ എഗ്മോർ എക്സ്പ്രസിൽ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. പ്രതിയെ പിന്നീട് മറ്റുയാത്രക്കാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

സാധാരണ ടിക്കറ്റെടുത്ത് റിസർവേഷൻ കോച്ചിൽ ഇരിക്കുകയായിരുന്ന യാത്രക്കാരനോട് മാറിയിരിക്കാൻ പറഞ്ഞതാണ് ആക്രമണത്തിന് കാരണമായതെന്നാണ് ടി.ടി.ഇ പറയുന്നത്. ട്രെയിൻ വടകരയ്ക്കും കൊയിലാണ്ടിക്കും ഇടയിൽ എത്തിയപ്പോളാണ് 72 വയസ്സുള്ള യാത്രക്കാരനോട് കോച്ചിൽനിന്ന് മാറിയിരിക്കണമെന്ന് ടി.ടി.ഇ. ആവശ്യപ്പെട്ടത്. എന്നാൽ, യാത്രക്കാരൻ ഇതിന് കൂട്ടാക്കിയില്ല.

വീണ്ടും മാറിയിരിക്കാൻ നിർബന്ധിച്ചതോടെ യാത്രക്കാരൻ ടി.ടി.ഇ.യുടെ മുഖത്തടിച്ചു. തുടർന്ന് മറ്റുയാത്രക്കാർ ഇയാളെ പിടിച്ചുമാറ്റിയെങ്കിലും ട്രെയിൻ കൊയിലാണ്ടി സ്റ്റേഷനിൽ എത്തിയപ്പോൾ ഇയാൾ വീണ്ടും ടി.ടി.ഇ.യെ മർദിക്കുകയും ട്രെയിനിൽനിന്ന് ഇറങ്ങിപ്പോവുകയും ചെയ്തുവെന്ന് പറയുന്നു.

മർദനത്തിൽ ടി.ടി.ഇ.യുടെ മുഖത്ത് പരിക്കേറ്റിട്ടുണ്ട്. അടിയേറ്റതിന്റെ പാടുകളും മുഖത്ത് കാണാം. അടിയേറ്റ് തന്റെ കണ്ണട തെറിച്ചുപോയെന്നായിരുന്നു ടി.ടി.ഇ.യുടെ പ്രതികരണം. പ്രായമുള്ളയാളല്ലേ ഇങ്ങനെ പെരുമാറുന്നത് ശരിയല്ലെന്ന് പറഞ്ഞപ്പോളാണ് അയാൾ അടിച്ചത്. ട്രെയിൻ കൊയിലാണ്ടി എത്തിയപ്പോൾ അയാൾ വീണ്ടും മുഖത്തടിച്ച് ഇറങ്ങിപ്പോയി. തുടർന്ന് മറ്റൊരു കോച്ചിൽ കയറിയ ഇയാളെ മറ്റുയാത്രക്കാർ പിടികൂടിയെന്നും ടി.ടി.ഇ. പറഞ്ഞു.