പയ്യന്നൂർ: തിയേറ്ററിൽ രജനീകാന്തിന്റെ ജയിലർ സിനിമ കാണുന്നതിനിടെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച യുവാവ് കസ്റ്റഡിയിൽ. യുവാവിന്റെ പെരുമാറ്റം അസഹ്യമായതോടെ യുവതിയും കൂട്ടുകാരികളും കാണികളുടെ സഹായം തേടി. രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ തീയേറ്ററിലുണ്ടായിരുന്ന നാട്ടുകാർ പിടികൂടി കൈകാര്യം ചെയ്തു പൊലീസിന് കൈമാറി.

രാമന്തളി സ്വദേശിയാണ് സ്ത്രീകൾക്കു നേരെ ലൈംഗിക ചേഷ്ട കാണിച്ചതിന് പിടിയിലായത്. വെള്ളിയാഴ്‌ച്ച ഉച്ചയ്ക്ക് രണ്ടേമുക്കാലിന് പെരുമ്പ പാലത്തിന് സമീപത്തെ തീയേറ്ററിൽ ജയിലർ സിനിമ കണ്ടു കൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം. ഭർതൃമതിയായ യുവതിയാണ് യുവാവിന്റെ കൈയിലിരുപ്പ് കണ്ടു പ്രതികരിച്ചത്.

യുവതി പുറത്തിറങ്ങി തിയേറ്റർ നടത്തിപ്പുകാരോട് സംഭവം പറഞ്ഞതിനെ തുടർന്ന് അവർ പൊലിസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പിന്തുടർന്നെത്തിയവർ പിടികൂടി, തീയേറ്ററിലെത്തിച്ചു തടഞ്ഞുവെച്ചു പൊലീസിന് യുവാവിനെ കൈമാറിയെങ്കിലും യുവതി പരാതി നൽകാതെ പിന്മാറിയതോടെയാണ് ഇയാൾ ജയിലിലാകാതെ രക്ഷപ്പെട്ടത്.