അമ്പലപ്പുഴ: ഭാര്യാഭർത്താക്കന്മാർ തമ്മിലുണ്ടായ വഴക്കിനിടെ ഉന്തിലും തള്ളിലും തലയടിച്ചുവീണു വീട്ടമ്മ മരിച്ച സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്പലപ്പുഴ കോമന പുത്തൻപറമ്പ് രാധ (62) ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് പത്മനെ അമ്പലപ്പുഴ പൊലീസ് അറസ്റ്റുചെയ്തു. മനഃപൂർവമല്ലാത്ത നരഹത്യക്കാണ് ഇദ്ദേഹത്തിനെതിരേ കേസെടുത്തിരിക്കുന്നത്.

വെള്ളിയാഴ്ച രാത്രി ഏഴരയ്ക്കായിരുന്നു സംഭവം. അടുക്കളയിൽ വച്ച് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ പത്മൻ, രാധയെ പിടിച്ചുതള്ളുകയായിരുന്നു. അടുക്കളയിലെ തറയിൽ വീണ് തലയ്ക്കുപരിക്കേറ്റ രാധ ബോധരഹിതയായി. അടുത്ത മുറിയിൽ കിടന്നുറങ്ങുകയായിരുന്ന മകൻ ശരത് വിവരം അറിഞ്ഞ് ഓടിയെത്തി.

ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്‌കരിച്ചു. തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമായതെന്നു പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. പത്മനെ ഇന്ന് കോടതിയിൽ ഹാജരാക്കും.മക്കൾ: ശരണ്യ, ശരത്. മരുമകൻ: വിജേഷ്.