കണ്ണൂർ : കണ്ണൂർ - കാസർകോട് ദേശീയപാതയിലെ തളാപ്പ് എ.കെ.ജി ആശുപത്രിക്ക് സമീപം മിനി ലോറി ബൈക്കിലിടിച്ച് കാസർകോട് സ്വദേശികളായ രണ്ടുയുവാക്കൾ അതിദാരുണമായി മരിച്ചു. ഞായറാഴ്ച പുലർച്ചെ ഒരുമണിയോടെ എ കെ ജി ആശുപത്രിക്ക് മുന്നിൽ വച്ചാണ് അപകടമുണ്ടായത്.

കാസർഗോഡ് മൊഗ്രാൽപുത്തൂർ കമ്പാർ ബെദിരടുക്കയിലെ മനാഫ് (24), സുഹൃത്ത് ലത്തീഫ് (23) എന്നിവരാണ് മരിച്ചത്. കണ്ണൂരിൽ നിന്ന് കാസർകോടെക്ക് പോകുകയായിരുന്നു ഇവർ. മംഗളൂരുവിൽ നിന്ന് ആയിക്കരയിലേക്ക് പോവുകയായിരുന്ന മിനി ലോറി. അപകടത്തിൽ യുവാക്കൾ സഞ്ചരിച്ച ബൈക്ക് പൂർണ്ണമായും തകർന്നിട്ടുണ്ട്. മിനിലോറിയുടെ അമിത വേഗതയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

വിവരമറിഞ്ഞെത്തിയ കണ്ണൂർ ടൗൺ പൊലിസും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. മത്സ്യ ലോറി ഡ്രൈവറെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദേശീയ പാതയിലൂടെ മത്സ്യ ലോറികൾ ചീറി പാഞ്ഞു പോവുന്നതിനെ കുറിച്ചു നേരത്തെ യാത്രക്കാർക്ക് പരാതിയുണ്ടായിരുന്നു. നിരവധി അപകടങ്ങളാണ് ഇവർ കാരണമുണ്ടായത്. യാത്രക്കാർ നിരന്തരം പരാതിപ്പെട്ടിട്ടും പൊലീസ് നടപടിയോ വാഹന പരിശോധനയോ നടത്താത്തതാണ് ഇപ്പോഴുണ്ടായ അപകടത്തിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.