- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നമ്പർ പ്ലേറ്റ് മാസ്‌ക് വെച്ച് മറച്ച് ഇരുചക്രവാഹനത്തിൽ യാത്ര; ബൈക്കോടിച്ചയാളുടെ ലൈസൻസ് തെറിച്ചു
തൊടുപുഴ: നമ്പർ പ്ലേറ്റ് മാസ്‌ക് വെച്ച് മറച്ച് ഇരുചക്രവാഹനത്തിൽ യാത്ര ചെയ്ത സംഭവത്തിൽ ബൈക്ക് ഓടിച്ചയാളുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്‌പെൻഡ് ചെയ്തു. അപകടകരമായി വാഹനം ഓടിച്ചതിനും നമ്പർ പ്ലേറ്റ് മറച്ചതിനും വാഹനം ഓടിച്ച സി.ജെ. ജ്യോതിഷി(22)ന്റെ ഡ്രൈവിങ് ലൈസൻസ് മോട്ടോർവാഹന വകുപ്പ് എൻഫോഴ്‌സ്മെന്റ് ആർ.ടി.ഒ. പി.എ. നസീർ ആണ് സസ്‌പെൻഡ് ചെയ്തത്.
തൊടുപുഴ ട്രാഫിക് പൊലീസിന്റെ വാഹന പരിശോധനയിലാണ് മാസ്‌ക് ഉപയോഗിച്ച് നമ്പർ പ്ലേറ്റ് മറച്ച് അപകടകരമായി വാഹനം ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ വാഹനം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പൊലീസ് അറിയിച്ചതിനെ തുടർന്ന് മോട്ടോർ വെഹിക്കിൾസ് ഇൻസ്‌പെക്ടർ ഭരത് ചന്ദ്രന്റെ നേതൃത്വത്തിലുള്ള എൻഫോഴ്‌സ്‌മെന്റ് വിഭാഗം സ്റ്റേഷനിൽ എത്തി വാഹനം പരിശോധിക്കുകയും വാഹന ഉടമയെയും വാഹനം ഓടിച്ചിരുന്ന ആളെയും വെങ്ങല്ലൂർ കൺട്രോൾ റൂമിൽ നേരിട്ട് വിളിപ്പിച്ച് കേസെടുക്കുകയായിരുന്നു.
പൊലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി സമാനമായ രീതിയിലുള്ള നിയമലംഘനങ്ങൾ പിടികൂടുന്നതിന് പ്രത്യേക പരിശോധന നടത്തുന്നതിന് തീരുമാനമായിരുന്നു. ഇതിലൂടെ നിരവധി ഗതാഗത നിയമലംഘനങ്ങളാണ് പിടികൂടിക്കൊണ്ടിരിക്കുന്നതെന്ന് ആർ.ടി.ഒ. പറഞ്ഞു. ബോധവത്കരണ ഘട്ടം അവസാനിച്ചതിനാൽ ലൈസൻസ് സസ്‌പെൻഷൻ ഉൾപ്പെടെയുള്ള കർശന ശിക്ഷാനടപടികളുമായി മോട്ടോർ വാഹന വകുപ്പ് മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു.




