കോഴിക്കോട്: കുന്ദമംഗലത്ത് വാഹന ഷോറൂമിലുണ്ടായ തീപ്പിടിത്തത്തിൽ ഏഴ് ഇരുചക്രവാഹനങ്ങൾ കത്തിനശിച്ചു. ടി.വി.എസിന്റെ ഷോറൂമിലാണ് തീപ്പിടിത്തമുണ്ടായത്. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു തീപ്പിടിത്തം. അപകടത്തിൽ ആർക്കും പരിക്കില്ല.

ജീവനക്കാർ ഭക്ഷണം കഴിക്കുമ്പോഴാണ് ഷോറൂമിന് പിൻഭാഗത്തുനിന്ന് തീപടരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഓഫീസിനകത്ത് ഉണ്ടായിരുന്ന ഫർണിച്ചറുകൾ കത്തിപ്പോയി.

വെള്ളിമാട് കുന്ന്, നരിക്കുനി യൂണിറ്റുകളിൽ നിന്ന് അഗ്‌നിരക്ഷാസേനാസംഘങ്ങൾ എത്തിയാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ട് ആണ് തീപ്പിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.