- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആളില്ലാത്ത സമയത്ത് പ്രവാസിയുടെ വീട്ടിൽ കയറി 15 പവൻ മോഷ്ടിച്ചു; പൊലീസ് നായ മണം പിടിച്ചു ചെന്നത് അയൽവാസിയുടെ വീട്ടിൽ: അറസ്റ്റിലായത് മോഷണക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി
തിരുവനന്തപുരം: മംഗലപുരത്ത് പ്രവാസിയുടെ വീട്ടിൽ കയറി 15 പവൻ മോഷ്ടിച്ച അയൽവാസി അറസ്റ്റിൽ. ആളില്ലാത്ത സമയത്ത് വീടിന്റെ ജനൽക്കമ്പി അറുത്ത് അകത്തു കടന്ന അയൽവാസിയാണ് മണിക്കൂറുകൾക്കകം പിടിയിലായത്. പള്ളിപ്പുറം പുതുവൽ ലൈനിൽ പ്രവാസിയായ മുഹമ്മദ് ഹസ്സന്റെ വീട്ടിലാണ് മോഷണം നടന്നത്. അടുക്കള ഭാഗത്തെ ജനൽകമ്പി ഇളക്കി ഇയാൾ വീട്ടിൽ കയറുകയായിരുന്നു.
പുറത്ത് പോയി തിരികെ എത്തിയ വീട്ടുകാർ സ്വർണം കാണാത്തതിനെ തുടർന്ന് പൊലീസിൽ വിവരം അറിയിക്കുക ആയിരുന്നു. പൊലീസ് നായ മണം പിടിച്ച് അയൽവാസിയായ ഹുസൈന്റെ വീട്ടിലെത്തി. ചോദ്യം ചെയ്യലിൽ ഹുസൈൻ കുറ്റം സമ്മതിച്ചു. പ്രവാസിയായ മുഹമ്മദ് ഹസന്റെ കുടുംബാംഗങ്ങൾ കഴിഞ്ഞ ദിവസം ഷോപ്പിങ്ങിന് പോയ സമയത്താണ് മോഷണം. മടങ്ങിയെത്തി ആഭരണങ്ങൾ അഴിച്ച് ഷെൽഫിൽ വെക്കാൻ നോക്കുമ്പോൾ അവിടെ നേരത്തെ ഉണ്ടായിരുന്ന സ്വർണ്ണ ആഭരണങ്ങൾ കാണാനില്ല. വീടാകെ തിരഞ്ഞിട്ടും സ്വർണം കിട്ടിയില്ല.
വീടിന്റെ പൂട്ട് പൊളിക്കാഞ്ഞതിനാൽ കള്ളൻ കയറി എന്ന സംശയം ആദ്യം ഉണ്ടായില്ല. ഇതോടെ കുടുംബം മംഗലപുരം പൊലീസിൽ പരാതി നൽകി. പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് വീടിന്റെ അടുക്കള ഭാഗത്തെ ജനൽകമ്പി ഇളകിയ നിലയിൽ കണ്ടത്. ഉടൻ തന്നെ ഡോഗ് സ്വാഡിനെ എത്തിച്ച് പരിശോധിച്ചു. മണം പിടിച്ച പൊലീസ് നായ അയൽപക്കത്തെ ഹുസൈന്റെ വീട്ടിലേക്കാണ് ഓടിക്കയറിയത്. സ്വർണം നഷ്ടപ്പെട്ട വീടിനടുത്തായി ഹുസൈൻ പമ്മി നടക്കുന്നത് കണ്ടെന്ന് അയൽക്കാരുടെ മൊഴിയും പൊലീസിന് കിട്ടി.
ഉടൻ തന്നെ ഹുസൈനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ അയാൽ കുറ്റം സമ്മതിച്ചു. വീടിനടുത്തായി ചവറ് കൂനയിൽ ഒളിപ്പിച്ച സ്വർണ്ണവും തിരിച്ചെടുത്തു. കണിയാപുരത്തെ വർക്ക് ഷോപ്പിൽ മോഷണം നടത്തിയതിന് ഹുസൈൻ കഴിഞ്ഞ മാസം റിമാൻഡിലായിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങി ദിവസങ്ങൾക്കകമാണ് അയൽപക്കത്തെ വീട്ടിൽ കയറിയുള്ള സ്വർണ്ണ മോഷണം.



