കണ്ണൂർ: മുക്കുപണ്ടം യഥാർഥ സ്വർണമെന്ന നിലയിൽ ജൂവലറികളിൽ വിൽപ്പന നടത്തിയ സംഭവത്തിൽ മൂന്നുപേരെ കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റു ചെയ്തു. തലശ്ശേരി ഇല്ലിക്കുന്ന് റഫിയായ് ഹൗസിൽ എം.സിറാജുദ്ദീൻ (41), അഴീക്കോട് കപ്പക്കടവ് എം.എം.ഹൗസിലെ എം.സുജൈൽ (40), ഇരിക്കൂർ പെരുവളത്ത്പറമ്പ് യത്തീംഖാനയ്ക്ക് സമീപം ആസ്യാസ് ഹൗസിലെ ഷഫീഖ് (33), എന്നിവരെയാണ് ടൗൺ ഇൻസ്‌പെക്ടർ പി.എ.ബിനുമോഹനും സംഘവും പിടിച്ചത്.

ഈയവും ചെമ്പും സ്വർണം പൂശിയെടുത്ത് ആഭരണമാക്കി വിൽപ്പനനടത്തിയാണ് മൂവർ സംഘം തട്ടിപ്പു നടത്തിയത്. കണ്ണൂരിലെ ജംസ് ജൂവലറിയിൽ വ്യാജ സ്വർണം വിറ്റ് 50,000 രൂപ തട്ടിയെടുത്തിരുന്നു. ശനിയാഴ്ച മറ്റൊരു ജൂവലറിയിൽ ഇതേ രീതിയിൽ തട്ടിപ്പ് നടത്താൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. സംശയം തോന്നിയ ജീവനക്കാർ പൊലീസിൽ വിവരമറിയിക്കുക ആയിരുന്നു. വ്യാജ സ്വർണം വിൽക്കാനെത്തിയ സിറാജുദ്ദീൻ, സുജൈൽ എന്നിവരാണ് ആദ്യം പിടിയിലായത്. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷഫീഖിനെ അറസ്റ്റ് ചെയ്തത്.

ജംസ് ജൂവലറിയിൽ ഇവർ വിറ്റ ആഭരണങ്ങൾ ഉരുക്കിനോക്കിയപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. ഇവരെ സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറയിലെ ദൃശ്യത്തിലൂടെ തിരിച്ചറിഞ്ഞു. ഉടൻ അവർ മറ്റ് ജൂവലറിക്കാരെയും പൊലീസിനെയും വിവരമറിയിക്കുക ആയിരുന്നു. ഷഫീഖാണ് തട്ടിപ്പിലെ പ്രധാന കണ്ണിയെന്നും ഇയാളുടെ നേതൃത്വത്തിലാണ് വ്യാജസ്വർണം നിർമ്മിച്ചതെന്നും പൊലീസ് അറിയിച്ചു. ഗൾഫിലായിരുന്ന ഷഫീഖ് കുറേനാൾ ശ്രീകണ്ഠപുരത്ത് മൊബൈൽ ഫോൺ കട നടത്തിയിരുന്നു. സാമ്പത്തികമായി ഉയർന്ന നിലയിലാണ് ഇയാളുടെ കുടുംബം. പ്രതികളുടെ പേരിൽ വേറെ കേസുകളൊന്നും ഉള്ളതായി കണ്ടെത്തിയിട്ടില്ല. എന്നാൽ ഇത്തരത്തിൽ വേറെയും തട്ടിപ്പ് നടത്തിയതായി സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.