- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂൾ-കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ഒന്നര കിലോകഞ്ചാവ് ബൈക്കിൽ കടത്തി; കൗമാരക്കാരായ രണ്ടു പ്രതികൾക്കും ജാമ്യമില്ല; മര്യാപുരം കഞ്ചാവ് കടത്തിൽ പ്രതികൾക്ക് കസ്റ്റോഡിയൽ വിചാരണ
തിരുവനന്തപുരം: സ്‌കൂൾ - കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ബൈക്കിൽ കഞ്ചാവ് കടത്തിയെന്ന മര്യാപുരം കഞ്ചാവ് കടത്തു കേസിൽ ജയിലിൽ കഴിയുന്ന കൗമാരക്കാരായ രണ്ടു പ്രതികൾക്കും തലസ്ഥാന വിചാരണ കോടതി ജാമ്യം നിഷേധിച്ചു. മര്യാപുരം ഐ റ്റി ഐ ക്ക് സമീപം ഒന്നര കിലോ കഞ്ചാവ് ബൈക്കിൽ കടത്തിക്കൊണ്ടു വന്ന കേസിലാണ് ജാമ്യം നിരസിച്ചത്. തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി ജി. രാജേഷാണ് ജാമ്യം നിരസിച്ചത്. ബീമാപള്ളി സ്വദേശി മുഹമ്മദ് സിറാജ്, നെയ്യാറ്റിൻകര സ്വദേശി നന്ദു എന്ന കണ്ണൻ എന്നിവരുടെ ജാമ്യഹർജികളാണ് തള്ളിയത്.
2023 മെയ് 13 മുതൽ പ്രതികൾ റിമാന്റിലാണ്. പ്രതികളെ ജയിലിലിട്ട് കസ്റ്റോഡിയൽ വിചാരണ ചെയ്യാൻ ജില്ലാ കോടതി ഉത്തരവിട്ടു. അന്ത: സംസ്ഥാന ലഹരി ക്കടത്ത് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ വിചാരണ തീരും വരെ പ്രതികൾ പുറം ലോകം കാണേണ്ടന്നും ജാമ്യം നിരസിച്ച ഉത്തരവിൽ കോടതി നിരീക്ഷിച്ചു. മനുഷ്യരെ സ്വബോധമില്ലാതാക്കി കുറ്റകൃത്യങ്ങൾ ചെയ്യിച്ച് തലമുറകളെ നശിപ്പിക്കുന്ന മാരക ലഹരി കടത്തിയെന്ന കേസിൽ പ്രതികൾക്കെതിരായ ആരോപണം ഗൗരവമേറിയതാണ്. പ്രതികൾ കൂട്ടുത്തുരവാദിത്വത്തോടെയും ബോധപൂർവ്വം മയക്കുമരുന്ന് കൈവശം വച്ച് കടത്തിയെന്നുമുള്ള കുറ്റാരോപണങ്ങൾക്ക് അടിസ്ഥാനമുണ്ടെന്ന് കേസ് ഡയറി പരിശോധിച്ചതിൽ നിന്നു കാണുന്നു. പ്രതികളെ കുറ്റകൃത്യവുമായി പ്രഥമ ദൃഷ്ട്യാ ബന്ധിപ്പിക്കുന്ന തെളിവുകൾ കേസ് റെക്കോർഡിൽ കാണുന്നു. കേസ് റെക്കോഡ് പരിശോധിച്ചതിൽ പ്രതികളുടെ പങ്കും പങ്കാളിത്തവും ഈ കേസിൽ വ്യക്തമാകുന്നുണ്ട്.
മുഹമ്മദ് സിറാജിനെതിരെ വലിയതുറ, പൂന്തുറ, തിരുവല്ലം പൊലീസ് സ്റ്റേഷനുകളിലായി ക്രിമിനൽ കേസുകൾ അടക്കം 15 ഓളം കേസുകൾ ഉണ്ട്. രണ്ടാം പ്രതി കണ്ണൻ എന്നു വിളിക്കുന്ന നന്ദുവിനെ 2022ൽ ചെന്നൈ റെയിൽവേ പൊലീസ് കഞ്ചാവുമായി പിടികൂടിയിരുന്നു. 12 കിലോ കഞ്ചാവാണ് അന്ന് പിടികൂടിയതായി കേസ് റെക്കോർഡിൽ കാണുന്നത്. കുറ്റം തെളിയുന്ന പക്ഷം10 വർഷത്തിന് മേൽ ശിക്ഷിക്കാവുന്ന കേസായതിനാൽ അറസ്റ്റ് തീയതിയായ മെയ് 13 മുതൽ 90 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി ജൂലൈ 31 ന് എക്‌സൈസ് കുറ്റപത്രം സമർപ്പിക്കപ്പെട്ട് കേസ് വിചാരണ ഘട്ടത്തിലാണ്. ഈ ഘട്ടത്തിൽ പ്രതികളെ ജാമ്യം നൽകി സ്വതന്ത്രരാക്കിയാൽ സുഗമമായ വിചാരണക്ക് വിഘാതം സൃഷ്ടിച്ച് തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്നും ശിക്ഷ ഭയന്ന് പ്രതികൾ ഒളിവിൽ പോകാനും സമാന കുറ്റകൃത്യങ്ങൾ ആവർത്തിക്കാനുള സാധ്യതയുണ്ടെന്നും വിലയിരുത്തിയാണ് കോടതി പ്രതികൾക്ക് ജാമ്യം നിരസിച്ചത്.
അമരവിള എക്‌സൈസ് റെയ്ഞ്ചാണ് പ്രതികളെ പിടികൂടിയത്. അനവധി ക്രൈം കേസുകളിലെ പ്രതികളാണ് ഇരുവരും. ഒന്നര കിലോയോളം വരുന്ന കഞ്ചാവ് കടത്തുന്നതിനിടെയാണ് 26 വയസ്സുള്ള ബീമാപള്ളി സ്വദേശി മുഹമ്മദ് സിറാജ്, നെയ്യാറ്റിൻകര സ്വദേശി നന്ദു തുടങ്ങിയവർ എക്‌സൈസ് പിടിയിലാകുന്നത്. അമരവിള എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ മരിയാപുരം ഗവൺമെന്റ് ഐടിഐക്ക് സമീപത്ത് വെച്ച് പിടികൂടിയത്. കഞ്ചാവ് കടത്തിയതിന് അടക്കം നിരവധി കേസുകളിലെ പ്രതികളാണ് ഇരുവരും.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്