- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അത്ഭുത രോഗശാന്തി, മന്ത്രവാദം, ആഭിചാരക്രിയകൾ തുടങ്ങി പലരൂപങ്ങളിലും അന്ധവിശ്വാസ ചൂഷണോപാധികൾ; അന്ധവിശ്വാസ ചൂഷണ നിരോധന നിയമം നടപ്പാക്കണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത്
കൊച്ചി: അന്ധവിശ്വാസ ചൂഷണ നിരോധന നിയമം നടപ്പാക്കണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത്. കേരളത്തിലെ സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അന്ധവിശ്വാസ ചൂഷണ നിരോധന നിയമത്തിന്റെ പ്രസക്തി വർധിക്കുകയാണ്. വിവിധതരത്തിലുള്ള അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കേരളത്തിൽ ദീർഘകാലമായി നിലനിൽക്കുന്നുണ്ട്. കെട്ടുകഥകളെ ശാസ്ത്രമായി വ്യാഖ്യാനിക്കുകയും ശാസ്ത്രത്തെ പാഠപുസ്തകത്തിൽ നിന്ന് പുറത്താക്കുകയും ചെയ്യുന്ന കേന്ദ്രസർക്കാരിന്റെ നടപടികൾ കൂടി വരുന്ന പുതിയ സാഹചര്യത്തിൽ അന്ധവിശ്വാസങ്ങൾ കൂടുതൽ ശക്തിപ്പെടാൻ ഇടയുണ്ട്, പരിഷത്ത് പ്രസ്താവനയിൽ പറഞ്ഞു.
അന്ധവിശ്വാസങ്ങൾക്ക് ശാസ്ത്രത്തിന്റെ പരിവേഷവും വ്യാഖ്യാനവും നൽകുന്നത് അടുത്തകാലത്തായി വളരെ വർധിച്ചിട്ടുണ്ട്. ആൾദൈവങ്ങൾ അനുദിനം ശക്തിപ്പെടുന്നു. അന്ധവിശ്വാസങ്ങൾ ആത്മവിശ്വാസമില്ലാത്ത സമൂഹത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഒപ്പം വിജ്ഞാനത്തെ അവഗണിക്കുന്ന പ്രവണത വർധിക്കാനും അതുകാരണമാകുന്നു. ശാസ്ത്രമല്ല, വിശ്വാസമാണ് പ്രധാനം എന്ന പ്രഖ്യാപനം പോലും ഈ അടുത്തകാലത്ത് വന്നു. അത്ഭുത രോഗശാന്തി, മന്ത്രവാദം, ആഭിചാരക്രിയകൾ തുടങ്ങി പലരൂപങ്ങളിലും അന്ധവിശ്വാസ ചൂഷണോപാധികൾ നിലനിൽക്കുന്നുണ്ട്. അവയും അവയുടെ സമാനമായ മറ്റ് പ്രവർത്തനങ്ങളും ദുർബലരായ വ്യക്തികളെ ഇരകളാക്കുന്നു.
ഇത് വൈകാരികവും മാനസികവും ചിലപ്പോൾ ശാരീരികവുമായ പീഡനങ്ങളാകുന്നു. ഇത്തരം പ്രവർത്തനങ്ങൾ ശാസ്ത്രബോധം, യുക്തിചിന്ത, വിമർശനാത്മകബോധം, മനുഷ്യാന്തസ്സിനോടുള്ള ആദരവ് എന്നിവയ്ക്ക് വിരുദ്ധമാണ്. അന്ധവിശ്വാസങ്ങൾ അഭൗമശക്തികളുടെ അനുഗ്രഹം കൊണ്ട് ജീവിതവിജയം നേടാമെന്ന ചിന്ത വികസിപ്പിക്കുകയും അധ്വാനത്തോട് വിരക്തിയുണ്ടാക്കുകയും ചെയ്യുന്നു. ഇത് ഭാവിയിൽ സാമൂഹ്യ വികാസത്തെ പ്രതികൂലമായി ബാധിക്കാം.
വിശ്വാസം വ്യക്തിപരമായ ഒന്നാണ്. പക്ഷേ അന്ധവിശ്വാസങ്ങൾ ഉപയോഗിച്ച് സാമ്പത്തിക ചൂഷണം നടത്തുന്നത് കുറ്റകരമായ ഒരു പ്രവർത്തനമാണ്. നരേന്ദ്ര ധബോദ്ക്കർ രക്തസാക്ഷിത്വം വരിച്ചിട്ട് ഒരു ദശകം തികയുന്ന കാലമാണ്. അദ്ദേഹത്തിന്റെ പ്രധാന പ്രവർത്തനമേഖല അന്ധവിശ്വാസങ്ങൾക്കെതിരായ പോരാട്ടമായിരുന്നു. അന്ധവിശ്വാസ ചൂഷണനിരോധനനിയമം നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് പ്രചരണം നടത്തിയതാണ് ഹിന്ദുവർഗ്ഗീയവാദികൾ അദ്ദേഹത്തെ കൊലപ്പെടുത്താൻ കാരണം. അദ്ദേഹത്തിന്റെ സ്വന്തം സംസ്ഥാനമായ മഹാരാഷ്ട്രയിൽ ആ രക്തസാക്ഷിത്വത്തിന്റെ തൊട്ടു പിന്നാലെ അന്ധവിശ്വാസ നിരോധനനിയമം നടപ്പിൽ വന്നു. കർണാടക, അസം, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിലും പല രൂപങ്ങളിൽ ഈ നിയമം വന്നിട്ടുണ്ട്.
കേരളത്തിൽ 2013 മുതൽ വിവിധ സംഘടനകൾ ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. മാറിമാറി വന്ന പല സർക്കാരുകളും അന്ധവിശ്വാസ ചൂഷണ നിരോധന നിയമം പരിഗണനയിലുണ്ടെന്ന് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. 2021ൽ കേരള നിയമസഭയിൽ അത്തരമൊരു ബില്ല് വരികയും ചെയ്യുകയുണ്ടായി. പക്ഷേ ഇതുവരെയും അങ്ങനെ ഒരു നിയമം അംഗീകരിക്കാൻ കേരള നിയമസഭയ്ക്ക് കഴിഞ്ഞിട്ടില്ല. ചെറുതും വലുതുമായ അന്ധവിശ്വാസങ്ങൾ കേരളത്തിൽ നടമാടുന്നുണ്ട്. ജനങ്ങളിൽ ശാസ്ത്രബോധം പ്രചരിപ്പിക്കുകയെന്നത് ഓരോ ഇന്ത്യൻ പൗരന്റേയും ഭരണഘടനാപരമായ ചുമതലയാണ്. ജനാധിപത്യം നിലനിൽക്കണമെങ്കിൽ ശാസ്ത്രബോധം കൂടിയേ കഴിയൂ.ആ നിലക്ക് നരേന്ദ്ര ധബോദ്ക്കറുടെ രക്തസാക്ഷിത്വത്തിന്റെ പത്താം വർഷത്തിലെങ്കിലും കേരളസമൂഹത്തിന്റെ ശാസ്ത്രബോധത്തെ ഉയർത്തിപ്പിടിക്കാനും നരേന്ദ്ര ധബോദ്ക്കറോടുള്ള ആദരവ് പ്രകടിപ്പിക്കാനും അന്ധവിശ്വാസ ചൂഷണ നിരോധനനിയമം അംഗീകരിച്ച് നടപ്പാക്കണമെന്ന് കേരള ശാസ്ത്രസാഹി ത്യപരിഷത്ത് ആവശ്യപ്പെട്ടു.




