കൊച്ചി: കുറഞ്ഞ വേഗപരിധിയുള്ള ഇലക്ട്രിക് സ്‌കൂട്ടറുകളിൽ മാറ്റം വരുത്തി കൂടുതൽ വേഗം നൽകി തട്ടിപ്പ് നടത്തിയ കേസിൽ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കഴിഞ്ഞ മേയിൽ കൊച്ചിയിൽനിന്ന് ഇത്തരത്തിൽ 20 സ്‌കൂട്ടറുകൾ പിടികൂടിയിരുന്നു. മോട്ടോർ വാഹന വകുപ്പ് അധികൃതർ ഈ തട്ടിപ്പ് കണ്ടെത്തുകയും വിവരം മേലധികാരികളെ അറിയിക്കുകയുമായിരുന്നു. തുടർന്ന് ട്രാൻസ്പോർട്ട് കമ്മിഷണറുടെ പരാതിയെത്തുടർന്ന് പൊലീസ് മേധാവിയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.

പരമാവധി വേഗം 25 കിലോമീറ്ററിലുള്ള സ്‌കൂട്ടറുകളിലാണ രൂപമാറ്റം വരുത്തി കൂടുതൽ വേഗത നൽകി തട്ടിപ്പു നടത്തിയത്. പരമാവധി വേഗം 25 കിലോമീറ്ററായി നിജപ്പെടുത്തിയ സ്‌കൂട്ടറുകൾ 50 കിലോമീറ്റർ വരെ വേഗത്തിൽ രണ്ട് യാത്രക്കാരെയും വഹിച്ചുകൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് അധികൃതർ അന്വേഷണം തുടങ്ങിയത്.

ഓടിക്കുന്ന വ്യക്തിക്ക് ലൈസൻസോ ആർ.ടി.ഒ. രജിസ്ട്രേഷനോ വേണ്ടാത്ത സ്‌കൂട്ടറുകളാണ് കുറഞ്ഞ വേഗപരിധി വിഭാഗത്തിൽ വരുന്നത്. ഇൻഷുറൻസോ നികുതിയോ ഈ സ്‌കൂട്ടറുകൾക്ക് ഇല്ല. പരമാവധി വേഗം 25 കിലോമീറ്ററാണ്. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ബാറ്ററിയുടെ ട്രാക്ഷൻ പവർ 250 വാട്ടിൽനിന്ന് നാലിരട്ടി വർധിപ്പിച്ച്, അതിനാനുപാതികമായി വേഗം കൂട്ടി നൽകുകയായിരുന്നു.

മെയ്‌ 26-ന് മോട്ടോർ വാഹന വകുപ്പ് കാക്കനാടുള്ള ഇലക്ട്രിക് സ്‌കൂട്ടർ വിൽപ്പന കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ തട്ടിപ്പ് ബോധ്യമായി. സ്‌കൂട്ടർ നിർമ്മാണ കമ്പനികൾക്കും ഡീലർമാർക്കും ഇതിൽ പങ്കുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കുറഞ്ഞ വേഗപരിധിയും പവറുമുള്ള ഇത്തരം സ്‌കൂട്ടറുകൾ വേഗം കൂട്ടിയാൽ വലിയ അപകട സാധ്യതയുമുണ്ട്. സർക്കാരിന് വൻ നികുതി നഷ്ടവുമുണ്ടായിട്ടുണ്ട്. ക്രൈംബ്രാഞ്ച് എസ്‌പി. എം.ജെ. സോജനാണ് അന്വേഷണ ഉദ്യോഗസ്ഥൻ.