കോട്ടയം: ഉമ്മൻ ചാണ്ടിയെ പുകഴ്‌ത്തിയതിന് മൃഗാശുപത്രിയിലെ ജീവനക്കാരിയെ പുറത്താക്കി എന്ന വാർത്ത തെറ്റാണെന്ന് മന്ത്രി വി.എൻ. വാസവൻ. അത്തരത്തിൽ അല്ല സംഭവം നടന്നത്. പുതുപ്പള്ളി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വ്യാജവാർത്തയാണ് പ്രചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുറിച്ച് നല്ലത് പറഞ്ഞതിന് മൃഗാശുപത്രിയിലെ താത്കാലിക ജീവനക്കാരിയായ പി.ഒ. സതിയെ പിരിച്ചു വിട്ടു എന്നായിരുന്നു വാർത്ത. എന്നാൽ, 'പൈസ വാങ്ങിയിരിക്കുന്നതും റിക്കാർഡിൽ പേരുള്ളതും ലിജി മോളുടേതാണ്. പിന്നെ എങ്ങനെയാണ് സതിയെ പുറത്താക്കി എന്ന് വാർത്ത വരിക. പിന്നിൽ ആസൂത്രിതമായ നീക്കമാണ് നടത്തിയിരിക്കുന്നത്' എന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.

ആൾമാറാട്ടം നടത്തിയതിനും അടിസ്ഥാനരഹിതമായ വാർത്ത സൃഷ്ടിക്കാൻ വേണ്ടി അവസരം ഉണ്ടാക്കിയതിനും ക്രിമിനൽ കേസ് അടക്കം എടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പുതുപ്പള്ളിയിൽ ഇടതുപക്ഷത്തിന് അനുകൂലമായ സാഹചര്യമാണുള്ളതെന്ന് പറഞ്ഞ അദ്ദേഹം ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ ഇനിയും പ്രതീക്ഷിക്കാം എന്നും കൂട്ടിച്ചേർത്തു.