- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരിന്തൽമണ്ണയിൽ ടാങ്കർ ലോറി മറിഞ്ഞു ഡീസൽ ചോർച്ചയുണ്ടായ സംഭവം; പരിയാപുരത്തെ കിണറ്റിൽ തീപിടിത്തം: സമീപത്തെ മറ്റൊരു കിണറ്റിലും വെള്ളത്തിന് പകരം ഡീസൽ
പെരിന്തൽമണ്ണ: പരിയാപുരത്തു കിണറ്റിൽ തീപിടിത്തം. കഴിഞ്ഞ ദിവസം ടാങ്കർ ലോറി മറിഞ്ഞു ഡീസൽ ചോർച്ചയുണ്ടായതിന് അരക്കിലോമീറ്റർ അകലെയുള്ള കിണറ്റിലാണ് തീ പിടിത്തം ഉണ്ടായത്. സമീപത്തെ മറ്റൊരു കിണറ്റിൽനിന്നും വെള്ളത്തിന് പകരം കോരിയെടുത്തതും ഡീസൽ. പരിയാപുരം സേക്രഡ് ഹാർട്ട് കോൺവന്റിന്റെ കിണറ്റിൽനിന്നാണ് ഇന്നലെ രാവിലെ ഒൻപതരയോടെ തീ ഉയർന്നത്. കിണറും കവിഞ്ഞ് 20 മീറ്ററോളം ഉയരത്തിലേക്കു തീ ഉയർന്നു. തീ ആളിക്കത്തിയതോടെ സമീപത്തെ തെങ്ങും പുളിമരവും ഭാഗികമായി കത്തിനശിച്ചു. വിവരമറിഞ്ഞ് അഗ്‌നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
വെള്ളത്തിനടിയിൽ സ്ഥാപിക്കുന്ന മോട്ടർ ആണ് ഇവിടെ ഉപയോഗിക്കുന്നത്. കോൺവന്റിലെ മോട്ടറിന്റെ വൈദ്യുതി സ്വിച്ച് ഓണാക്കിയതോടെയാണു ഡീസൽ കലർന്നുകിടന്ന വെള്ളത്തിൽനിന്ന് തീ ഉയർന്നത്. മണിക്കൂറുകളോളം കത്തിയ തീ ഒടുവിൽ വൈകിട്ടോടെ അഗ്‌നിരക്ഷാ സംഘം അണയ്ക്കുകയായിരുന്നു. ആദ്യം ഉയർന്നുകത്തിയ ശേഷം പിന്നീട് തീ കിണറിലേക്ക് എത്തുന്ന ഉറവകളിൽ വട്ടംചുറ്റിനിന്നു.
സമീപത്തെ കൊല്ലരേട്ട് മറ്റത്തിൽ ബിജുവിന്റെ വീട്ടുമുറ്റത്തെ കിണറ്റിൽനിന്നു കോരിയെടുക്കുന്നതു ഡീസലാണ്. ചിലർ ഡീസൽ കോരിയെടുത്തു കുപ്പികളിലാക്കി കൊണ്ടുപോകുകയും ചെയ്തു. ഇന്നലെ വൈകിട്ടോടെ ഈ കിണറ്റിലെ വെള്ളം, ബന്ധപ്പെട്ട ടാങ്കറിന്റെ ഉടമയും മറ്റുമെത്തി ടാങ്കറിലേക്കു മാറ്റി. ഡീസലിലെ വെള്ളം നീക്കം ചെയ്തു പുനരുപയോഗിക്കാനാകുമെന്നു ബന്ധപ്പെട്ടവർ പറഞ്ഞു. വറ്റിച്ച കിണറ്റിൽ പുതുതായി ഉണ്ടാവുന്ന ഉറവയിലും ഡീസൽ തന്നെ. ഈ കിണർ ഇന്ന് വീണ്ടും വറ്റിക്കാനൊരുങ്ങുകയാണ് വീട്ടുകാർ.



