തിരുവനന്തപുരം: അർബുദ രോഗിക്ക് വീടു നിർമ്മിക്കാൻ 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസ് സംഘം പിടികൂടി. വെള്ളനാട് പഞ്ചായത്ത് സെക്രട്ടറി മലയിൻകീഴ് മച്ചേൽ സ്വദേശി വി.ജി.ഗോപകുമാറിനെയാണ് വിജിലൻസ് സ്‌പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് രണ്ടിലെ ഉദ്യോഗസ്ഥർ പിന്തുടർന്ന് പിടികൂടിയത്.

ലൈഫ് പദ്ധതിയിൽ ലഭിച്ച വീട് വയ്ക്കാൻ മണ്ണിടിക്കുന്നതിനാണ് 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. വെള്ളനാട് മുണ്ടേല സ്വദേശിനിയും അർബുദരോഗിയായ ഭർത്താവും ലൈഫ് പദ്ധതിയിൽ ലഭിച്ച വീട് വയ്ക്കാൻ മണ്ണിടിക്കാനായി ടിപ്പർ ലോറി ഉടമകളുടെ സഹായം തേടി. അനുമതിക്ക് പഞ്ചായത്ത് സെക്രട്ടറിയെ സമീപിച്ചപ്പോഴാണ് 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. തുടർന്ന് ഇവർ ഈ വിവരം വിജിലൻസിനെ അറിയിക്കുകയായിരുന്നു.

ഇന്നലെ വൈകിട്ട് നാലു മണിയോടെ സൈറ്റ് കാണാൻ എത്തിയ സെക്രട്ടറി ഇടനിലക്കാരനെ കാറിൽ കയറ്റി കൂവക്കുടിയിലെത്തി. കാറിൽ പണം വച്ച ഇടനിലക്കാരനെ ഇവിടെ ഇറക്കി കാറുമായി ഗോപകുമാർ മടങ്ങി. പിന്തുടർന്ന വിജിലൻസ് സംഘം കാട്ടാക്കട ജംക്ഷനിൽ വച്ച് കാർ തടഞ്ഞ് പിടികൂടുകയായിരുന്നു. വിജിലൻസ് എസ്‌പി വി.അജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.