മറയൂർ: വിനോദ സഞ്ചാരികളിൽ കൗതുകം നിറച്ച് റോഡിലിറങ്ങി പടയപ്പ. മൂന്നാർ മറയൂർ സംസ്ഥാനാന്തര പാതയിലിറങ്ങിയ പടയപ്പ കെഎസ്ആർടിസി ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ തടഞ്ഞു. ചട്ടമൂന്നാറിലെ ചെക്‌പോസ്റ്റ് പ്രദേശത്താണ് പടയപ്പ അരമണിക്കൂറോളം കറങ്ങിനടന്നത്. പിന്നീട് ഫോട്ടോ എടുക്കാനായി വിനോദസഞ്ചാരികൾ എത്തിയതോടെ സമീപത്തെ വ്യാപാരികൾ ഒച്ച വച്ച് ആനയെ കാട്ടിലേക്ക് കയറ്റി.

കാട്ടിൽ പോകാതെ നാട്ടിൽ തന്നെയാണ് പടയപ്പ മിക്ക സമയവും കഴിച്ചു കൂട്ടുന്നത്. കഴിഞ്ഞ രണ്ടു മാസമായി പടയപ്പയെ തലയാർ, പാമ്പൻ മല, ലക്കം, ന്യൂ ഡിവിഷൻ, ചട്ടമൂന്നാർ മേഖലയിൽ കണ്ടുവരുന്നുണ്ട്. പലപ്പോഴായി തൊഴിലാളികളുടെ ലയത്തിൽ ഇറങ്ങി കതകുകൾ പൊളിച്ച സംഭവങ്ങളുമുണ്ട്. കഴിഞ്ഞ ദിവസം പാമ്പൻ മലയിൽ വീടിന്റെ മേൽക്കൂരയും ആന തകർത്തു.

ഒരു മാസം മുൻപ് പാമ്പൻ മലയിൽ വീട് പൊളിച്ച് അരിച്ചാക്ക് എടുക്കുകയും ലക്കം ന്യൂ ഡിവിഷനിൽ പശുവിനായി ശേഖരിച്ചുവച്ചിരുന്ന തീറ്റപ്പുല്ല് അകത്താക്കുകയും ചെയ്ത സംഭവങ്ങളുണ്ടായി. എന്നാൽ ആന ഇതുവരെ ആളുകളെ ഉപദ്രവിച്ചിട്ടില്ല.പടയപ്പയെ ജനവാസ മേഖലയിൽ നിന്ന് മാറ്റി ഉൾവനത്തിലേക്ക് വിടാനുള്ള നടപടി സ്വീകരിക്കണമെന്ന് വനം വകുപ്പിനോട് തോട്ടം തൊഴിലാളികൾ ആവശ്യപ്പെട്ടു.