ആറന്മുള: ചിങ്ങമാസത്തിലെ ഉത്രട്ടാതി നാളിൽ ആറന്മുളയിൽ നടക്കുന്ന ഉത്രട്ടാതി ജലമേളയിൽ എ ബാച്ചിൽ 32-ഉം ബി ബാച്ചിൽ 16-ഉം പള്ളിയോടങ്ങൾ പങ്കെടുക്കും. നാല് പള്ളിയോടങ്ങൾ സാങ്കേതിക കാരണങ്ങളാൽ മത്സരത്തിൽ പങ്കെടുക്കുന്നില്ല. എ, ബി ബാച്ചിൽ ഫൈനൽ മത്സരങ്ങളിൽ ഒന്നാംസ്ഥാനം നേടുന്നവർക്ക് മന്നം ട്രോഫി ലഭിക്കും. സെപ്റ്റംബർ രണ്ടിനാണ് ജലമേള.

പള്ളിയോടത്തിന്റെ ചരിത്രം

തിരുവോണനാളിൽ പാർഥസാരഥിക്ക് തിരുവോണ സദ്യക്കുള്ള വിഭവങ്ങളുമായി കാട്ടൂരിൽനിന്ന് തോണിയിൽ പുറപ്പെട്ട മങ്ങാട്ട് ഭട്ടതിരിയെ നദീ കൊള്ളക്കാർ ആക്രമിച്ചപ്പോൾ അയിരൂർ തോട്ടാവള്ളിൽ നാരായണനാശാന്റെ നേതൃത്വത്തിലുള്ള കരനാഥന്മാർ കെട്ട് വള്ളങ്ങളിലെത്തി അക്രമികളെ തുരത്തി. ഈ വള്ളങ്ങളിൽ തോണിക്ക് അകമ്പടി സേവിക്കുകയുംചെയ്തു. പിന്നീടുള്ള വർഷങ്ങളിൽ കൂടുതൽ ആളുകൾക്ക് കയറാനായി അന്ന് ആറന്മുളയുടെ ഭരണാധികാരമുണ്ടായിരുന്ന തെക്കുംകൂർ രാജാവും ക്ഷേത്ര ഊരാണ്മക്കാരും ചേർന്ന് വലിയ വള്ളത്തിന്റെ മാതൃക അന്വേഷിച്ചപ്പോൾ കുട്ടനാട്ടിലെ കോട്ടയിൽ ആചാരി രൂപകൽപ്പന ചെയ്താണ് നിലവിലെ പള്ളിയോടത്തിന്റെ മാതൃക.

തിരുവോണത്തോണിക്ക് അകമ്പടി സേവിച്ച് രാത്രിയിൽ ആറന്മുളയിലെത്തുന്ന പള്ളിയോടങ്ങളെ പകൽവെളിച്ചത്തിൽ പൊതുജനങ്ങൾക്ക് കാണാനായി ആരംഭിച്ച ജലഘോഷയാത്രയാണ് കാലാന്തരത്തിൽ മത്സര വള്ളംകളിയായി മാറിയത്.