- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് മഴയുടെ സ്വഭാവം പ്രവചിക്കാനാകാത്തവിധം മാറി; വരാനിരിക്കുന്നത് കടുത്ത വരൾച്ചയെന്ന് ശാസ്ത്രജ്ഞർ
ആലപ്പുഴ: സംസ്ഥാനത്ത് മഴയുടെ സ്വഭാവം പ്രവചിക്കാനാകാത്തവിധം മാറിയെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞർ. ഇക്കുറി മൺസൂണിൽ ജൂൺ ഒന്നുമുതൽ ഓഗസ്റ്റ് 22-വരെ ലഭിക്കേണ്ടത് 1648.2 മില്ലിമീറ്റർ മഴ. പെയ്തതാകട്ടെ 893.8 മില്ലിമീറ്റർ മാത്രം. 46 ശതമാനം കുറവാണ് ഇത്തവണ മൺസൂൺ മഴയിൽ ഉണ്ടായിരിക്കുന്നത്. ഈ മാസം പെയ്തതാകട്ടെ ലഭിക്കേണ്ട മഴയുടെ 10 ശതമാനം മാത്രം. ഓഗസ്റ്റ് അവസാനിക്കാൻ ഒൻപതുദിവസം മാത്രം ശേഷിക്കേ ബാക്കി 90 ശതമാനം മഴ വരുംദിവസങ്ങളിൽ പെയ്യാൻ സാധ്യതയില്ലെന്നും കാലാവസ്ഥാ ശാസ്ത്രജ്ഞർ വിലയിരുത്തുന്നു.
പകൽ-രാത്രി താപനില കൂടാനും സാധ്യതയുണ്ട്. ലഭിക്കേണ്ടതിന്റെ പകുതിയിൽത്താഴെ മഴയാണ് ഇടുക്കി, വയനാട്, കോഴിക്കോട്, കോട്ടയം, പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ പെയ്തത്. ഈ സാഹചര്യത്തിൽ, കേരളത്തെ കാത്തിരിക്കുന്നതു കടുത്ത വരൾച്ചയുടെ കാലമാണെന്നാണു നിഗമനം. കേരളം കാത്തിരിക്കുന്നതു വരൾച്ചയാണെന്ന് കുസാറ്റ് അഡ്വാൻസ് സെന്റർ ഫോർ അറ്റ്‌മോസ്ഫെറിക് റഡാർ റിസർച്ച് ഡയറക്ടർ ഡോ. എസ്. അഭിലാഷ് പറയുന്നു.
2018-ലെ മഹാപ്രളയം, 2019-ലെ പ്രളയസമാന സാഹചര്യം എന്നിവയ്ക്കുശേഷം കേരളത്തിൽ മഴയുടെ സ്വഭാവം പ്രവചിക്കാനാകാത്തവിധം മാറിയതായാണു കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. ഈ വർഷം മൺസൂൺ മഴയുടെ രീതി വീണ്ടുംമാറി. മുൻ വർഷങ്ങളെക്കാൾ മഴ കുറഞ്ഞു. ഈ വർഷം ജൂണിലെ മഴക്കുറവ് 60 ശതമാനത്തിന് അടുത്തായിരുന്നു. ജൂലായിൽ രണ്ടുപ്രാവശ്യമായി മഴ പെയ്തതിനാൽ മഴക്കുറവ് 30 ശതമാനത്തോളം കുറച്ചു. ഓഗസ്റ്റിൽ 'എൽ നിനോ' കാരണം മഴ മാറി നിൽക്കുകയാണ്- അദ്ദേഹം വ്യക്തമാക്കി. വിവിധ ശാസ്ത്രജ്ഞരുടെ നിഗമനം ഒരു വെബ് മാസികയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രവചനാതീതമായി മാറുകയാണു നമ്മുടെ കാലാവസ്ഥയെന്ന് സംസ്ഥാന ദുരന്തനിവാരണ വിഭാഗത്തിലെ കാലാവസ്ഥാ വിദഗ്ധൻ രാജീവൻ എരിക്കുളം പറഞ്ഞു. വെള്ളപ്പൊക്കവും അതിനൊപ്പം വരണ്ട കാലാവസ്ഥയും നേരിടേണ്ട അവസ്ഥയാണ് മലയാളിക്കെന്നു പുണെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മിറ്റീരിയോളജിയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞൻ ഡോ. റോക്‌സി മാത്യു കോൾ പറഞ്ഞു.




